ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന്‍റെ ജയം ആധികാരികമായിരുന്നു. ലാഹോറിൽ നടന്ന മത്സരത്തിൽ ഹാരിസ് റൗഫിന്‍റെ ബൗളിങ് പ്രകടനമാണ് ആതിഥേയർക്ക് അനായാസ ജയം സമ്മാനിച്ചത്.
നായകൻ ബാബർ അസമിനും ഈ ജയം സവിശേഷമായ ഒന്നായിരുന്നു. ട്വന്‍റി20 ക്രിക്കറ്റിൽ നായകനെന്ന നിലയിൽ 41 ജയവുമായി ബാബർ എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്തി. കൂടാതെ, ബാബർ അസമിന്‍റെ നൂറാമത്തെ ട്വന്‍റി20 മത്സരവും നായകനായി 67ാമത്തെ മത്സരവുമായിരുന്നു. കുട്ടിക്രിക്കറ്റിൽ നായകനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്നവരുടെ പട്ടികയിൽ ധോണിക്കൊപ്പം ബാബർ അസമും രണ്ടാമതുണ്ട്. 42 ജയവുമായി ഇംഗ്ലണ്ട് മുൻ നായകൻ ഇയോൻ മോർഗനും മുൻ അഫ്ഗാനിസ്ഥാൻ നായകൻ അസ്ഗർ സ്റ്റാനിക്‌സായിയുമാണ് ഒന്നാമത്.
ഒരു ജയം മാത്രം അകലെ ബാബറിനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. പരമ്പരയിൽ നാലു മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്. ലാഹോറിൽ 88 റൺസിന്‍റെ ജയമാണ് പാകിസ്താൻ കുറിച്ചത്. 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് കീവീസിനെ എറിഞ്ഞിട്ടത്. താരത്തിന്‍റെ കരിയറിലെ മികച്ച പ്രകടനമാണിത്. 183 റൺസ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവീസ് 15.3 ഓവറിൽ 94 റൺസിന് എല്ലാവരും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.