ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈൻ അർബുദം ബാധിച്ച് മരിച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുഷറഫ് ഹുസൈന്‍ (40) അര്‍ബുദം ബാധിച്ച് മരിച്ചു. തലച്ചോറില്‍ അര്‍ബുദം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 2019 മാർച്ചിലാണ് ഹുസൈന് അർബുദം ബാധിച്ചത്. അന്ന് അസുഖം ചികിത്സിച്ച് ഭേദമാക്കിയെങ്കിലും 2020 നവംബറിൽ വീണ്ടും രോഗലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റൂബൽ എന്ന് വിളിപ്പേരുള്ള മുഷറഫ് ഹുസൈൻ ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2008ൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് ദേശീയ ടീമിലെത്തുന്നത് എട്ടു വർഷങ്ങൾക്കുശേഷമാണ്. 2016ൽ അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിൽ കളിച്ചു. പിന്നീട് ഇംഗ്ലണ്ടിനെതിരെ കളിച്ച ഏകദിനമാണ് രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരം. രാജ്യാന്തര തലത്തിൽ അഞ്ച് ഏകദിനങ്ങളിൽ നിന്നായി നാലു വിക്കറ്റും 26 റൺസും നേടി. 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോർഡാണ് മുഷറഫ് ഹുസൈനുള്ളത്. 112 മത്സരങ്ങളില്‍ നിന്ന് 3305 റണ്‍സും 392 വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് സെഞ്ച്വറികളും 16 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. മൂവായിരം റണ്‍സും 300 വിക്കറ്റും എന്ന നേട്ടം കൈവരിച്ചിട്ടുള്ള ഏഴ് ബംഗ്ലാദേശ് താരങ്ങളില്‍ ഒരാളാണ് മുഷറഫ് ഹുസൈന്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ കളിയിലെ താരമാകുന്ന ആദ്യത്തെ സ്വദേശി താരം എന്ന റെക്കോര്‍ഡും ഹുസൈനാണ്. 2013 എഡിഷനിലെ ഫൈനലിലായിരുന്നു ഈ നേട്ടം. 

Tags:    
News Summary - Bangladesh cricketer Mosharraf Hossain passes away after battling cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.