ധാക്ക: ഒരുകാലത്ത് ലോകക്രിക്കറ്റിൽ എതിരാളികളില്ലാതെ വിലസിയിരുന്ന ആസ്ട്രേലിയക്ക് വീണ്ടുമൊരു പതനം കൂടി. ബംഗ്ലദേശിൽ ട്വന്‍റി 20 പര്യടനത്തിനെത്തിയ ആസ്ട്രേലിയക്ക് മഹാനാണക്കേടോടെ മടക്കം. അഞ്ചു ട്വന്‍റി 20 പരമ്പരയിൽ ആദ്യ മൂന്നുമത്സരവും തോറ്റ് ബംഗ്ലദേശിന് മുന്നിൽ ആദ്യമായി പരമ്പര അടിയറവ് വെച്ച കംഗാരുക്കൾ അഞ്ചാം മത്സരത്തിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണു. ബംഗ്ലദേശ് ഉയർത്തിയ 122 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് വെറും 62 റൺസിന് പുറത്താകുകയായിരുന്നു.
3.4 ഓവറിൽ ഒൻപത് റൺസിന് നാലുവിക്കറ്റ് വീഴ്ത്തിയ ശാക്കിബുൽ ഹസൻ, 12റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സൈഫുദ്ദീൻ, എട്ടുറൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ നസും അഹമ്മദ് എന്നിവരാണ് കംഗാരു ഫ്രൈ തയാറാക്കിയത്. 22 റൺസെടുത്ത മാത്യൂവെയ്ഡും 17 റൺസെടുത്ത ബെൻ മക്ഡർമോട്ടും ഒഴികെയുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല.
പതിവുപോലെ ബൗളിങ്ങിൽ ഗംഭീരമാക്കിയ ആസ്ട്രേലിയൻ ബൗളർമാർക്ക് മുമ്പിൽ ബംഗ്ലദേശ് ബാറ്റ്സ്മാൻമാർ വിയർക്കുകയായിരുന്നു. ആദ്യ മൂന്നുമത്സരങ്ങളും പാജയപ്പെട്ട ഓസീസ് നാലാം മത്സരത്തിൽ മൂന്നുവിക്കറ്റ് ജയവുമായി തിരിച്ചുവന്നിരുന്നു.
വെസ്റ്റിൻഡീസിനെതിരെ പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ ബംഗ്ലദേശിലും പരാജയമണഞ്ഞത് ട്വന്‍റി 20 ലോകകപ്പിനൊരുങ്ങുന്ന ആസ്ട്രേലിയയുടെ ചങ്ക് തകർക്കുന്നതാണ്. ഡേവിഡ് വാർണർ, െഗ്ലൻ മാക്സ്വെൽ, ആരോൺ ഫിഞ്ച് അടക്കമുള്ള പ്രമുഖരില്ലാതെയെത്തിയ ഓസീസ് ടീമിനെ മാത്യൂവെയ്ഡാണ് നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.