കാൺപുർ: മഴ കലക്കിയ ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യദിനം ബംഗ്ലാദേശ് സൂപ്പർ ഫാൻ ‘ടൈഗർ റോബി’യെ കാണികൾ കൈയേറ്റം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശ് പതാകയുമായി ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഒരുകൂട്ടം കാണികൾ ടൈഗർ റോബിക്ക് സമീപമെത്തി ആക്രമിക്കുകയായിരുന്നു. ആഹ്ലാദ പ്രകടനം തടസപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ടിൽ പറയുന്നു.
സി ബ്ലോക്ക് ബാൽക്കണിയിലായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് റോബിയെ രക്ഷിച്ചത്. പിന്നാലെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തന്നെ ഉപദ്രവിച്ചത് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളിൽനിന്ന് തന്നെ ഉള്ളവരാണെന്ന് റോബി ആരോപിച്ചെങ്കിലും പൊലീസ് ഇക്കാര്യം നിഷേധിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം പരമ്പരയിലെ അവസാന ടെസ്റ്റിന്‍റെ ആദ്യദിനം മഴയിൽ മുങ്ങിയപ്പോൾ, 35 ഓവർ മാത്രമാണ് കളിക്കാനായത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 40 റൺസുമായി മോമിനുൽ ഹഖും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ. രണ്ടാം ദിനം ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ ആധിപത്യം നേടാനുള്ള ശ്രമമായിരിക്കും ഇന്ത്യ നടത്തുക. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 30 റൺസ് കണ്ടെത്തുന്നതിനിടെ ബംഗ്ലാദേശിന് ഓപണർമാരെ നഷ്ടമായി. 24 പന്തുകൾ നേരിട്ട സാകിർ ഹസൻ സംപൂജ്യനായി മടങ്ങിയപ്പോൾ, 24 റൺസാണ് ഷദ്മൻ ഇസ്ലാമിന്‍റെ സമ്പാദ്യം. ഇരുവരെയും ആകാശ് ദീപാണ് കൂടാരം കയറ്റിയത്. സ്കോർ 80ൽ നിൽക്കേ 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്‍റോ അശ്വിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജ് മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞെങ്കിലും വിക്കറ്റുകൾ നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.