റിസ്‍വാനും ഷക്കീലിനും അർധ സെഞ്ച്വറി; പാകിസ്താനെ 286 റൺസിന് ഓൾ ഔട്ടാക്കി നെതർലൻഡ്സ്

ഹൈദരാബാദ്: ഓപ്പണർമാരും നായകനും നിരാശപ്പെടുത്തിയ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിരീട പ്രതീക്ഷകളുമായെത്തിയ പാകിസ്താന് രക്ഷകരായി മധ്യനിര ബാറ്റർമാർ. ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ നെതർലൻഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്തായി. മുഹമ്മദ് റിസ്‍വാന്‍റെയും സൗദ് ഷക്കീലിന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

ടീം 38 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ഫഖർ സമാൻ (15 പന്തിൽ 12 റൺസ്), ഇമാമുൽ ഹഖ് (19 പന്തിൽ 15), നായകൻ ബാബർ അസം (18 പന്തിൽ അഞ്ച്) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ പാകിസ്താൻ പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ റിസ്‍വാനും ഷക്കീലും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ടീം സ്കോർ 150 കടത്തിയത്. റിസ്‍വാൻ 75 പന്തിൽ 68 റൺസെടുത്തും ഷക്കീൽ 52 പന്തിൽ 68 റൺസെടുത്തുമാണ് പുറത്തായത്. ഇഫ്ത്തിഖാർ അഹ്മദിനും (11 പന്തിൽ ഒമ്പത്) ക്രീസിൽ നിലയുറപ്പിക്കാനായില്ല.

പിന്നാലെ മുഹമ്മദ് നവാസും (43 പന്തിൽ 39) ഷദാബ് ഖാനും (34 പന്തിൽ 32) ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹസൻ അലി (പൂജ്യം), ഹാരിസ് റൗഫ് (14 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 13 റൺസുമായി ഷഹീൻ അഫ്രീദി പുറത്താകാതെ നിന്നു.

നെതർലൻഡ്സിനായി ബാസ് ദെ ലീഡെ നാലു വിക്കറ്റ് നേടി. കോളിൻ അക്കർമാൻ രണ്ടു വിക്കറ്റും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്, പോൾ വാൻ മീകെരേൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ടോസ് നേടിയ നെതർലൻഡ്സ് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

കിരീട പ്രതീക്ഷയുമായെത്തുന്ന പാകിസ്താനെതിരെ അട്ടിമറി ജയമാണ് നെതർലൻഡ്സ് ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ അവർ ജയിച്ചത് രണ്ടുകളിയില്‍ മാത്രമാണ്. 2007ല്‍ സ്‌കോട്‌ലന്‍ഡിനെതിരെയായിരുന്നു അവസാന ജയം.

പ്ലെയിങ് ഇലവൻ: പാകിസ്താൻ -ഇമാമുൽ ഹഖ്, ഫഖ്ർ സമാൻ, ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റഊഫ്.

നെതർലാൻഡ്സ്: വിക്രംജിത്ത് സിങ്, മാക്സ് ഒ ദൗഡ്, കോളിൻ അക്കർമാൻ, ബാസ് ദെ ലീഡെ, തേജ നിദമാനുരു, സ്കോട്ട് എഡ്വാർഡസ്, സാഖിബ് സുൽഫീക്കർ, ലോഗൻ വാൻ ബീക്, റൊയലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരേൻ.

Tags:    
News Summary - Bas De Leede Help Netherlands Bowl Out Pakistan For 286

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.