ലോക ക്രിക്കറ്റ് ബോർഡുകളിൽ ആസ്തിയുടെ കണക്കെടുത്താൽ ഒന്നാമതുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) രണ്ടാമതുള്ള ബോർഡിനേക്കാൾ ബഹുദൂരം മുന്നിലാണ്. ബി.സി.സി.ഐക്ക് 18,700 കോടിയോളം രൂപയുടെ (2.25 ബില്യണ്‍ ഡോളര്‍) ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന ഇന്ത്യൻ ബോർഡിനാണ് ഐ.സി.സി വരുമാനത്തിന്‍റെ വിലയൊരു പങ്കും ലഭിക്കുന്നത്. വരുമാനത്തിൽ രണ്ടാമതുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങ് ആസ്തി ബി.സി.സി.ഐക്കുണ്ടെന്നതാണ് ഏറെ കൗതുകം. 658 കോടിയാണ് (79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐ.പി.എല്ലാണ് ബി.സി.സി.ഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്.
ഇതിൽനിന്ന് തന്നെ വ്യക്തമാണ് ലോക ക്രിക്കറ്റിൽ ബി.സി.സി.ഐക്കുള്ള സ്വാധീനം. ഈ പണക്കരുത്ത് കൊണ്ടാണ് ഐ.സി.സിയെ പോലും വരച്ച വരയിൽ നിർത്താൻ ബി.സി.സി.ഐക്ക് കഴിയുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ ആസ്‌തി 59 മില്യണ്‍ ഡോളറാണ്. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യൺ ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ വരുമാനം ഉയരുന്നുണ്ടെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ മറ്റു ലീഗുകളേക്കാൾ പിന്നിലാണ്.
ആറാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ബോർഡിന്‍റെ ആസ്തി 47 മില്യൺ യു.എസ് ഡോളറാണ്. ഇത് ബി.സി.സി.ഐയുടെ മൊത്തം ആസ്‌തിയുടെ 2 ശതമാനം മാത്രമാണ്. ഇന്ത്യയുമായുള്ള ട്വന്‍റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിലൂടെ വരുമാനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. പരമ്പരയിലൂടെ 68.7 മില്യണ്‍ യു.എസ് ഡോളറായി വരുമാനം വർധിപ്പിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഐ.പി.എല്ലിന്‍റെ ജനപ്രീതിയും വനിത പ്രീമിയർ ലീഗിന്‍റെ വരവുമാണ് ബി.സി.സി.ഐയുടെ വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.