ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഐ.പി.എൽ പരിശീലകൻ? ബി.സി.സി.ഐ ചർച്ച നടത്തി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ പകരക്കാരനെ കണ്ടെത്തുന്നതിനുവേണ്ടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പോടെ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. അദ്ദേഹം വീണ്ടും അപേക്ഷ നൽകാനോ, കാലാവധി നീട്ടി നൽകാനോ സാധ്യതയില്ല. 2027 ഡിസംബർ 31 വരെയാണ് പുതിയ പരിശീലകന് കാലാവധി ഉണ്ടാകുക.

പുതിയ പരിശീലകനെ ചൊല്ലി പലവിധ അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. ഒരു വിദേശ പരിശീലകനെയും തള്ളിക്കളയാനാകില്ല. ഒരു ഐ.പി.എൽ ടീമിന്‍റെ പരിശീലകന്‍റെ പേരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ ന്യൂസിലൻഡ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ബി.സി.സി.ഐ ഇതിനകം കിവീസ് മുൻ നായകനുമായി ഔദ്യോഗിക ചർച്ച നടത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ്യതു. ഇന്ത്യൻ താരങ്ങളെയും സാഹചര്യങ്ങളെയും നന്നായി അറിയാവുന്ന ഒരാളെന്ന നിലയിലാണ് ബി.സി.സി.ഐ ഫ്ലെമിങ്ങിന് പ്രഥമ പരിഗണന നൽകുന്നത്.

പുതിയ പരിശീലകൻ വർഷത്തിൽ 10 മാസവും ടീമിനൊപ്പം ഉണ്ടാകണമെന്നാണ് ബി.സി.സി.ഐ നിലപാട്. അതുകൊണ്ടു തന്നെ അദ്ദേഹം അപേക്ഷ നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മേയ് 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ യുവതാരങ്ങൾ ടീമിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും വെറ്ററൻ താരങ്ങൾ ടീം വിട്ടുപോകുകയും ചെയ്യുന്നതുകൊണ്ടു തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പരിവർത്തനഘട്ടത്തിലേക്കാണ് കടക്കുന്നത്. ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യനായത് ഫ്ലെമിങ് ആണെന്നാണ് ബി.സി.സി.ഐയുടെ പൊതുവെയുള്ള വിലയിരുത്തൽ.

എന്നാൽ, കീവീസ് പരിശീകലൻ ചെന്നൈ വിടുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ടീം മാനേജ്മെന്‍റിന് സൂചനകളൊന്നും നൽകിയിട്ടില്ല. ഫ്ലെമിങ്ങിന്‍റെ കീഴിലാണ് ടീം അഞ്ചു തവണ കിരീടം നേടിയത്. പരിശീലകന് വേണ്ട യോഗ്യത സംബന്ധിച്ച ബി.സി.സി.ഐ നിബന്ധനകളും രസകരമാണ്. കുറഞ്ഞത് 30 ടെസ്റ്റ് മത്സരങ്ങളോ, 50 ഏകദിനങ്ങളോ കളിച്ചിരിക്കണം. അല്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷം ഒരു ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലകനോ, അല്ലെങ്കിൽ ഒരു അസോസിയേറ്റ് അംഗം/ഐ.പി.എൽ ടീമിന്‍റെ അല്ലെങ്കിൽ തത്തുല്യമായ ഇന്‍റർനാഷനൽ ലീഗ്/ഫസ്റ്റ് ക്ലാസ് ടീമുകളുടെ ഹെഡ് കോച്ചോ ആയി കുറഞ്ഞത് മൂന്നു വർഷത്തെ പരിചയം. 60 വയസ്സിന് താഴെയായിരിക്കണമെന്നും ബി.സി.സി.ഐ നിഷ്കർഷിക്കുന്നു.

2014ൽ ഡങ്കൻ ഫ്ലെച്ചറാണ് അവസാനമായി ഇന്ത്യയുടെ ഒരു വിദേശ പരിശീലകനായി എത്തിയത്. അതിനുശേഷം, അനിൽ കുംബ്ലെ, രവി ശാസ്ത്രി എന്നിവരാണ് ടീമിനെ പരിശീലിപ്പിച്ചത്.

Tags:    
News Summary - BCCI Already In Talks With This IPL Coach To Take Charge Of India: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.