കൗമാര ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് പാരി​തോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ കൗമാരപ്പടക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.​ഐ. ഇന്ത്യൻ ടീമിലെ എല്ലാ കളിക്കാർക്കും 40 ലക്ഷം രൂപ സമ്മാനിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച ​പ്രഖ്യാപിച്ചു. സപോർടിങ് സ്റ്റാഫ് അംഗങ്ങൾക്ക് 25 ലക്ഷം വീതം ലഭിക്കും.

ശനിയാഴ്ച സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാലുവിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ അഞ്ചാം കിരീടത്തിൽ മുത്തമിട്ടത്. മുമ്പ് 2000,2008,2012, 2018 എഡിഷനുകളിലായിരുന്നു ഇന്ത്യ കൗമാര ലോകകപ്പിൽ ജേതാക്കളായിരുന്നത്.

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഇത്തവണ ഇന്ത്യ ആധികാരികമായി നെഞ്ചോടു ചേർക്കുകയായിരുന്നു. അപരാജിതരായായിരുന്നു ബോയ്സ് ഇൻ ബ്ലൂവിന്റെ ഫൈനൽ പ്രവേശനം.

ടോസ് ലഭിച്ച് ആദ്യ ബാറ്റിങ്​ തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ വലിയ സ്വപ്നങ്ങൾക്കുമേൽ താണ്ഡവമാടി തുടക്കത്തിലേ ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. രണ്ടാം ഓവർ അവസാനിക്കുംമുമ്പ് രണ്ടു റൺസ് മാത്രം ചേർത്ത ​ജേക്കബ് ബെതൽ ആദ്യ ഇരയായി മടങ്ങി. രവികുമാറിനായിരുന്നു വിക്കറ്റ്. വൺ ഡൗണായെത്തിയ ടോം പ്രസ്റ്റിനെയും വൈകാതെ രവികുമാർ തന്നെ മടക്കി. ഓപണർ ജോർജ് തോമസിനെ കൂട്ടി ടീം ഇന്നിങ്സിന് കരുത്തു നൽകാനുള്ള ജെയിംസ് റൂവിന്റെ ശ്രമങ്ങൾ വിജയം കാണുമെന്ന് തോന്നിച്ച ഘട്ടത്തിൽ രാജ് ബവ അന്തക വേഷമണിഞ്ഞു.

27 റൺസിൽ നിൽക്കെ ജോർജ് തോമസിനെ മടക്കിയ ബവ പിന്നീട് ഇംഗ്ലീഷ് ബാറ്റിങ്ങിൽ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നതായിരുന്നു കാഴ്ച. ബവയുടെ മാരക പന്തുകളിൽ വില്യം ലക്സ്റ്റണും ജോർജ് ബെല്ലും രിഹാൻ അഹ്മദും കാര്യമായൊന്നും നൽകാതെ തിരികെയെത്തി. ഒരു ഘട്ടത്തിൽ 61 റൺസിന് ആറു വിക്കറ്റ് വീണ ഇംഗ്ലണ്ട് മൂന്നക്കം തികക്കുമോയെന്ന് സംശയം തോന്നിച്ചെങ്കിലും റൂവ് മനോഹര ഇന്നിങ്സുമായി ശരിക്കും കപ്പിത്താന്റെ റോൾ ഏറ്റെടുത്തു. കൂറ്റൻ അടികൾക്ക് ഏറെയൊന്നും മുതിരാതെ കളിച്ച റൂവ് 116 പന്തിൽ 95 റൺസിൽ നിൽക്കെ രവികുമാർ അന്തകനായി.

സെഞ്ച്വറിക്ക് അഞ്ചു റൺസ് അകലെ നിൽക്കെയായിരുന്നു താരത്തിന്റെ മടക്കം. പിന്നീടെല്ലാം വഴിപാടു പോലെയായിരുന്നു. റൂവിനൊപ്പം കരുതിക്കളിച്ച ജെയിംസ് സേൽസ് അവസാനം വരെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വലിയ സമ്പാദ്യം ആവശ്യമില്ലാത്തതിനാൽ കരുതലോടെയാണ് കളിച്ചത്. ഓപണർ രഘുവൻഷി പൂജ്യനായി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഹർനൂർ സിങ്ങും ശൈഖ് റശീദും ചേർന്ന് ഇന്നിങ്സ് പതിയെ മുന്നോട്ടു നയിച്ചു. ഒട്ടും തിടുക്കം കാട്ടാതെ കരുത്തും കരുതലുമായി നിന്ന കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. അതിനിടെ ഹർണൂർ സിങ് 21 റൺസുമായി മടങ്ങി.

പിന്നീട് ഒത്തുചേർന്നത് സെമിയിൽ കംഗാരു സ്വപ്നങ്ങളെ ബാറ്റുകൊണ്ട് തച്ചുതകർത്ത യാഷ് ധൂളും ശൈഖ് റശീദും. ഇരുവരും അനായാസം ടീമിനെ വിജയ ലക്ഷ്യത്തിലെത്തിക്കുമെന്ന്​ തോന്നിച്ചെങ്കിലും റശീദ്​ (50), യാഷ്​ ധുൾ (17) എന്നിവർ തുടർച്ചയായി പുറത്തായതോടെ സമ്മർദമായി. എന്നാൽ, നിഷാന്ത്​ സന്ധുവും രാജ്​ ഭവയും ചേർന്ന്​ ഇന്നിങ്​സ്​ നേരെയാക്കി. അവസാനം തുടർച്ചയായി സിക്സറുകൾ പറത്തി ദിനേശ്​ ബാന കിരീടം ഇന്ത്യയിലേക്ക്​ എത്തിച്ചതോടെ കൗമാരപ്പടയുടെ ലോകകപ്പ്​ യാ​ത്രക്ക്​ ആവേശം നിറഞ്ഞ സമാപനവുമായി.

Tags:    
News Summary - BCCI Announces Cash Reward For Each U19 Cricket World Cup Winning Indian Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.