പറയുന്നത് കേട്ടാൽ ട്വന്‍റി20 ലോകകപ്പ് കളിക്കാം! ഹാർദിക്കിനു മുന്നിൽ ഉപാധികൾ വെച്ച് ബി.സി.സി.ഐ

മുംബൈ ഇന്ത്യൻസിലേക്ക് മാറുകയും രോഹിത് ശർമക്കു പകരം ടീമിന്‍റെ നായക പദവി ഏറ്റെടുക്കുകയും ചെയ്തതു മുതൽ മൊത്തത്തിൽ ഹാർദിക് പാണ്ഡ്യക്ക് കഷ്ടകാലമാണ്. സീസണിൽ ടീം കളിച്ച ആറു മത്സരങ്ങളിൽ നാലെണ്ണത്തിലും തോറ്റു.

ഗ്രൗണ്ടിൽ ആരാധകരുടെ കൂവി വിളികൾക്ക് അൽപം ആശ്വാസമുണ്ടെങ്കിലും ഹാർദിക്കിന് ഇതുവരെ നായകനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ശരാശരിക്കും താഴെയാണ് താരത്തിന്‍റെ പ്രകടനം. ആറു മത്സരങ്ങളിൽനിന്ന് താരം നേടിയത് 131 റൺസ് മാത്രം. 26.20 ആണ് ശരാശരി. കഴിഞ്ഞ നാലു മത്സരങ്ങളിലും കാര്യമായി പന്തെറിയാനും താരം താൽപര്യം കാണിച്ചിരുന്നില്ല. എറിഞ്ഞപ്പോഴെല്ലാം കണക്കിന് കിട്ടുകയും ചെയ്തു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ ധോണിയുടെ ഹാട്രിക് സിക്സുകളടക്കം 26 റൺസാണ് താരം വഴങ്ങിയത്. ഇതിനിടെയാണ് ബി.സി.സി.ഐ താരത്തിന് കർശന നിർദേശം നൽകിയിരിക്കുന്നത്. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കണമെങ്കിൽ പതിവായി പന്തെറിയണമെന്നാണ് ഹാർദിക്കിനു മുന്നിൽ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി വെച്ചിരിക്കുന്ന ഉപാധി.

കഴിഞ്ഞയാഴ്ച മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്ത് രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഹാർദിക്കിന് നടപ്പ് ഐ.പി.എൽ സീസണിൽ വിവിധ സ്റ്റേജുകളിൽ പന്തെറിഞ്ഞ താരത്തിന് ഇതുവരെ തിളങ്ങാനായിട്ടില്ല. പവർ പ്ലേയിൽ നാലു ഓവർ എറിഞ്ഞ താരം 44 റൺസ് വഴങ്ങി. മധ്യഓവറുകളിൽ ആറു ഓവറുകളിൽനിന്നായി താരം വിട്ടുകൊടുത്തത് 62 റൺസ്. ഡെത്ത് ഓവറിൽ ഒരു ഓവർ മാത്രം എറിഞ്ഞ് 26 റൺസാണ് വഴങ്ങിയത്.

ഹാർദിക്കിന്‍റെ സ്ഥാനത്തേക്ക് മത്സരിക്കുന്നവരിൽ ഓൾ റൗണ്ടർ ശിവം ദുബെയാണ് മുന്നിലുള്ളത്. എന്നാൽ, ഈ ചെന്നൈ താരം ഐ.പി.എല്ലിൽ ഇംപാക്ട് പ്ലെയറായാണ് കളിക്കാനിറങ്ങുന്നത്. പന്തെറിയാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. ഇടങ്കൈയൻ ബാറ്റർ വമ്പനടികളുമായി ആരാധകരുടെ മനംകവരുന്നുണ്ട്, പ്രത്യേകിച്ച് സ്പിന്നർമാർക്കെതിരെ.

Tags:    
News Summary - BCCI Sets Strict Hardik Pandya T20 World Cup Selection Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.