ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടിയ ഐ.പി.എൽ ആദ്യ ക്വാളിഫയറിനിടെ സ്കോർബോർഡിലെ മരത്തിന്‍റെ ചിത്രമാണ് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയത്.
സ്‌കോർബോർഡിൽ ഡോട്ട് ബാൾ കാണിക്കുന്നിടത്ത് മരത്തിന്റെ ചിത്രമാണ് കൊടുത്തിരുന്നത്. ഇതിനു പിന്നിലെ കാരണം തിരയുകയായിരുന്നു ക്രിക്കറ്റ് പ്രേമികൾ.
ഇതുമായി ബന്ധപ്പെട്ട് മത്സരത്തിനു മുന്നോടിയായി ബി.സി.സി.ഐ ഔദ്യോഗിക വാർത്തക്കുറിപ്പുകളൊന്നും പുറത്തിറക്കിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായുള്ള ബി.സി.സി.ഐയുടെ ഒരു പുത്തൻ ആശയമാണിത്. പ്ലേ ഓഫിൽ എറിയുന്ന ഓരോ ഡോട്ട് ബാളിനും 500 മരം നട്ടു വളർത്താനാണ് തീരുമാനം. ചുരുക്കി പറഞ്ഞാൽ, ഐ.പി.എല്ലിൽ ഇനിയുള്ള മത്സരങ്ങളിലെ ഓരോ ഡോട്ട് ബാളുകളും നാളേക്കുള്ള തണലാകും. ‘ഗ്രീൻ ഡോട്ട് ബാൾ’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
‘ബി.സി.സി.ഐയുടെ പുതിയ സുസ്ഥിര പദ്ധതിയാണ് ഗ്രീൻ ഡോട്ട് ബാൾ. പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളിലും എറിയുന്ന ഓരോ ഡോട്ട് ബാളിനും 500 വീതം മരങ്ങൾ നട്ടുപിടിപ്പിക്കും’ -മത്സരത്തിനിടെ കമന്‍ററി ബോക്സിൽനിന്ന് വിളിച്ചുപറഞ്ഞു.
മത്സരത്തിൽ ഗുജറാത്തിനെ 15 റൺസിന് വീഴ്ത്തി ചെന്നൈ പത്താം തവണയും ഐ.പി.എൽ കലാശപ്പോരിന് യോഗ്യത നേടി. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ഗുജറാത്തിന്‍റെ മറുപടി ബാറ്റിങ് 20 ഓവറിൽ 157 റൺസിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.