‘മേലാൽ ആവർത്തിക്കരുത്’; പന്തിന്റെ ജഴ്സി ഡഗ്-ഔട്ടിൽ തൂക്കിയ കാപ്പിറ്റൽസിനോട് ബി.സി.സി.ഐ

കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലാണ്. ശാരീരിക പ്രയാസങ്ങളെ വൈകാതെ മറികടക്കാനാകുമെന്നും ഇന്ത്യൻ ടീമിൽ തിരിച്ചെത്താനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് താരം. ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സ്വിമ്മിങ് പൂളിൽ നടക്കുന്നതിന്റെ വിഡിയോയുമൊക്കെ പങ്കുവെച്ചുകൊണ്ട് ആരാധകർക്ക് താരം ശുഭപ്രതീക്ഷ നൽകുന്നുണ്ട്.

ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന്റെ നായകനാണ് പന്ത്. താരത്തിന്റെ അഭാവത്തിൽ ഇപ്പോൾ ഡേവിഡ് വാർണറാണ് കാപിറ്റൽസിനെ നയിക്കുന്നത്. അതേസമയം, പന്തിനോടുള്ള സ്നേഹവും ആദരവും കാണിക്കുന്നതിനായുള്ള ഡൽഹി ടീമിന്റെ ഒരു പ്രവൃത്തി ബി.സി.സി.ഐയുടെ നീരസം സമ്പാദിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.


ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഓപ്പണിങ് മത്സരത്തിൽ കാപിറ്റൽസ്, പന്തിന്റെ ജഴ്സി ഡഗ്-ഔട്ടിന്റെ മേൽക്കൂരയിൽ തൂക്കിയിരുന്നു. അതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, അത് ബിസിസിഐ ഉദ്യോഗസ്ഥർക്ക് ബോധിച്ചിട്ടില്ല. ഡിസി ക്യാമ്പിൽ പന്തിന്റെ ജേഴ്സി പ്രദർശിപ്പിക്കണമെന്നത് മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ ആശയമാണെന്നാണ് റിപ്പോർട്ടുകൾ.

വലിയ ദുരന്തത്തിന്റെയോ വിരമിക്കലിന്റെയോ സന്ദർഭങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള ആംഗ്യങ്ങൾ ഉചിതമാകൂ എന്നും, ഇത് അൽപ്പം കടന്നുപോയെന്നുമാണ് ബി.സി.സി.ഐയുടെ പക്ഷം. റിഷഭ് പന്ത് പ്രതീക്ഷിച്ചതിലും വേഗത്തിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. മാന്യമായ ഉദ്ദേശ്യത്തോടെ ചെയ്തതാണെങ്കിൽ പോലും, ഭാവിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കണമെന്ന് ബി.സി.സി.ഐ ഫ്രാഞ്ചൈസിയോട് പറഞ്ഞതായി ഐ.പി.എൽ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.


അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) ഡൽഹി ക്യാപിറ്റൽസിന്റെ സീസണിലെ ആദ്യ ഹോം മത്സരം കാണാൻ റിഷഭ് പന്ത് എത്തിയിരുന്നു. ക്രച്ചസ് ഉപയോഗിച്ച് എത്തിയ താരത്തിന് മികച്ച ആരാധക പിന്തുണയാണ് ലഭിച്ചത്. 

Tags:    
News Summary - BCCI unhappy with Delhi Capital's jersey gesture for Rishabh Pant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.