അഹമ്മദാബാദ്: ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ 16ാമത്തെ ഓവർ ചെയ്യാനെത്തുമ്പോൾ 72 റൺസുമായി ക്രീസിലുണ്ടായിരുന്ന വിൽ ജാക്സ് ആ ഓവർ അവസാനിക്കുമ്പോൾ സെഞ്ച്വറി തികയ്ക്കുമെന്ന് ആർ.സി.ബി ആരാധകർ പോലും കരുതിയിട്ടുണ്ടാവില്ല. നാല് സിക്സറുൾപ്പെടെ 29 റൺസാണ് റാഷിദിന്റെ ഓവറിൽ അടിച്ചുകൂട്ടിയത്.
തുടർ തോൽവികൾക്കൊടുവിൽ കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെയാണ് ബംഗളൂരു വിജയപാതയിൽ തിരിച്ചെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ ഒൻപത് വിക്കറ്റിന് തോൽപ്പിച്ചാണ് ആർ.സി.ബി വീണ്ടും വിജയഭേരി മുഴക്കിയത്. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം 16 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്.
തകർപ്പൻ സെഞ്ച്വറി നേടിയ വിൽ ജാക്സും അർധസെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ചേർന്നാണ് ടീമിന് ഗംഭീര ജയം സമ്മാനിച്ചത്. 41 പന്തിൽ 10 സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് വിൽ ജാക്സ് 100ലെത്തിയത്. 31 പന്തിൽ അർധ സെഞ്ച്വറി നേടിയ വിൽ ജാക്സിന് സെഞ്ച്വറി നേടാൻ പിന്നീട് വെറും 10 പന്തേ വേണ്ടിവന്നുള്ളൂ. ഐ.പി.എല്ലിൽ വിൽ ജാക്സിന്റെ കന്നി സെഞ്ച്വറിയാണ്.
44 പന്തിൽ മൂന്ന് സിക്സും ആറു ഫോറും ഉൾപ്പെടെ 70 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്താകാതെ നിന്നു. 12 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസിസാണ് പുറത്തായ ഏക ബാറ്റർ. റൺവേട്ടയിൽ മുന്നിലുള്ള വിരാട് കോഹ്ലി ഇന്നത്തെ ഇന്നിങ്സോടെ ഈ ഐ.പി.എല്ലിൽ 500 റൺസ് പൂർത്തിയാക്കി.
49 പന്തിൽ പുറത്താകാതെ 84 റൺസെടുത്ത സായ്സുദർശനും 30 പന്തിൽ 58 റൺസെടുത്ത ഷാറൂഖ് ഖാനും ചേർന്നാണ് ഗുജറാത്തിന് മികച്ച സ്കോറിലെത്തിച്ചത്. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. ഹോം മാച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കം പാളിയിരുന്നു.
ഒാപണർമാരായ വൃദ്ധിമാൻ സാഹയും (5) നായകൻ ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തിയെങ്കിലും തുടർന്നെത്തിയ സായ്സുദർശനും ഷാറൂഖ്ഖാനും ചേർന്ന് ഗംഭീര ചെറുത്തുനിൽപ്പാണ് നടത്തിയത്. 30 പന്തിൽ അഞ്ചു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 58 റൺസെടുത്ത ഷാറൂഖിനെ മുഹമ്മദ് സിറാജാണ് പുറത്താക്കുന്നത്. 49 പന്തിൽ നാല് സിക്സും എട്ടുഫോറും ഉൾപ്പെടെ 84 റൺസെടുത്ത സായി സുദർശനും 19 പന്തിൽ 26 റൺസെടുത്ത് ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു. സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഒരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.