ന്യൂഡൽഹി: സ്പിൻ മാസ്മരികതയിൽ എതിരാളികളെ അരിഞ്ഞുവീഴ്ത്തിയ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസം ബിഷൻ സിങ് ബേദി ഒരിക്കൽ പാചകക്കാരെൻറ വേഷവും അണിഞ്ഞിട്ടുണ്ട്. അതും പാക് ക്രിക്കറ്റ് താരങ്ങളുടെ പാചകക്കാരൻ. 75 വയസ്സ് തികഞ്ഞ ബിഷൻ സിങ് ബേദിക്ക് ആശംസകളുമായി സഹകളിക്കാരും ക്രിക്കറ്റ് താരങ്ങളും ആരാധകരും ചേർന്നൊരുക്കിയ കുറിപ്പുകളുടെ സമാഹാരമായ 'സർദാർ ഓഫ് സ്പിൻ: എ സെലിബ്രേഷൻ ഓഫ് ദ ആർട്ട് ആൻഡ് ബിഷൻ സിങ് േബദി എന്ന പുസ്തകത്തിലാണ് രസകരമായ ഈ പാചകകഥ.
സിങ്ങിെൻറ സഹകളിക്കാരനായ വെങ്കട് സുന്ദരമാണ് സംഭവം അനുസ്മരിച്ചത്. ബിഷൻ സിങ് ബേദി ആസ്ട്രേലിയയിൽ ആയിരുന്നപ്പോഴാണ് സംഭവം. പാക് ടീം ടാസ്മാനിയക്കെതിരെ കളിക്കാൻ എത്തുന്ന വിവരം ബേദി അറിയുന്നു. അവർക്കൊരു വിരുന്നു കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു.
പാത്രങ്ങളും വിഭവങ്ങളും പാചകസാമഗ്രികളുമൊക്കെ സംഘടിപ്പിക്കാൻ ബേദിക്കൊപ്പം സുന്ദരവും കൂടി. 25ഓളം പാക് താരങ്ങളാണ് വരുന്നത്. ചെറിയ പാത്രങ്ങളായിരുന്നതിനാൽ ഓരോ വിഭവവും പലതവണകളായാണ് പാചകം ചെയ്തത്. ബൗളിങ്ങിലെ പോലെ പാചകത്തിലും ബേദിക്ക് നല്ല മിടുക്കുണ്ടായിരുന്നു.
സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മുദസ്സർ നസർ, ഷഫ്കത്ത് റാണ, ഇക്ബാൽ കാസിം തുടങ്ങിയ പാക് ഇതിഹാസതാരങ്ങളെയാണ് സ്വന്തം രാജ്യത്തുനിന്നും ആയിരക്കണക്ക് കിലോമീറ്ററുകൾക്കപ്പുറത്ത് സ്വന്തം കൈകൊണ്ട് പാചകം ചെയ്ത് ബേദി വിരുന്നൂട്ടിയതെന്ന് സുന്ദരം ഓർത്തെടുക്കുന്നു.
പുസ്തകത്തിെൻറ ആമുഖം മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവാണ് എഴുതിയിരിക്കുന്നത്. സുനിൽ ഗവാസ്കറുടെ സന്ദേശവും തുടക്കത്തിൽ തന്നെയുണ്ട്. ഇ.എ.എസ് പ്രസന്ന, ഫാറൂഖ് എൻജിനീയർ, എസ്. ചന്ദ്രശേഖർ, വെങ്കട് സുന്ദരം, സചിൻ ടെണ്ടുൽകർ, അനിൽ കുംബ്ലെ, ഗ്രെഗ് ചാപ്പൽ, കോളമിസ്റ്റായ രാമചന്ദ്ര ഗുഹ, ബേദിയുടെ മകൾ നേഹ ബേദി എന്നിവരും ബേദിയെ കുറിച്ച് ഓർമകൾ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.