ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് ആദ്യപകുതി ഒപ്പത്തിനൊപ്പം (1-1)

കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി മത്സരം ആദ്യപകുതി പിന്നിടുമ്പോൾ ഒപ്പത്തിനൊപ്പം. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലാണ്.

ബ്ലാസ്റ്റേഴ്സിനായി പ്രതിരോധ താരം മിലോസ് ഡ്രിൻസിചും പഞ്ചാബിനായി കൊളംബിയൻ താരം വിൽമർ ജോർഡനും ഗോൾ നേടി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്. 39ാം മിനിറ്റിൽ കോർണറിൽനിന്നെത്തിയ പന്ത് ഗോളി തട്ടിയകറ്റിയത് നേരെ ബോക്സിനുള്ളിലുണ്ടായിരുന്ന ഡ്രിൻസിചിന്‍റെ കാലിൽ.

താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് ബാറിൽ തട്ടി പോസ്റ്റിനുള്ളിൽ. ബ്ലാസ്റ്റേഴ്സിന്‍റെ ആഘോഷത്തിന് നാലു മിനിറ്റിന്‍റെ ആയുസ്സ് മാത്രം. 43ാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്ന് വിൽമർ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് താരത്തിന്‍റെ കാലിൽ തട്ടി പോസ്റ്റിനുള്ളിലേക്ക്. മദീഹ് തലാലാണ് ഗോളിന് വഴിയൊരുക്കിയത്. പന്തു കൈവശം വെക്കുന്നതിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ദിമിത്രി ഡയമന്റകോസ്-ഫെദോർ ചെർണിച് എന്നിവരെ മുന്നിൽനിർത്തിയാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. അവസാന മത്സരത്തിൽ ഒഡീഷയിൽ നിന്നേറ്റ മുറിവുണക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് സ്വന്തം കാണികൾക്കു മുന്നിൽ ജയം അനിവാര്യമാണ്.

എവേ മത്സരത്തിൽ പഞ്ചാബിനെ 1–0ന് ബ്ലാസ്റ്റേഴ്സ് തോൽപിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയെ 3-1ന് കീഴടക്കിയ വീര്യവുമായാണ് പഞ്ചാബ് കളിക്കുന്നത്. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂപ്പർതാരം അഡ്രിയാൻ ലൂണ കളി കാണാൻ ഗാലറിയിലുണ്ട്.

Tags:    
News Summary - Blasters-Punjab first half tied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.