മെൽബൺ: രണ്ടാം ഇന്നിങ്സിലും ആസ്ട്രേലിയൻ ബാറ്റിങ്നിരയെ തകർച്ചയിലേക്ക് തള്ളിവിട്ട ബൗളർമാരുടെ മികവിൽ ഇന്ത്യ ബോക്സിങ് ഡേ ടെസ്റ്റിൽ വിജയം സ്വപ്നം കാണുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ 131 റൺസിന്‍റെ കടവുമായി രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ ആസ്ട്രേലിയ ആറിന് 133 റൺസെന്ന നിലയിലാണ്. വെറും രണ്ട് റൺസിന്‍റെ ലീഡ് മാത്രമാണ് ആതിഥേയർക്കുള്ളത്. കാമറൂൺ ഗ്രീനും (17) പാറ്റ് കമ്മിൻസുമാണ് (15) ക്രീസിൽ.
അഡ്ലെയ്ഡിൽ 36 റൺസിന് പുറത്തായതിന്‍റെ ക്ഷീണം തീർത്ത ഇന്ത്യൻ ബാറ്റ്സ്മാൻമാർ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ 326 റൺസ് സ്കോർബോർഡിൽ ചേർത്താണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
അഞ്ചിന് 277 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 49 റൺസ് കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. 112 റൺസെടുത്ത് റണ്ണൗട്ടായ നായകൻ അജിൻക്യ രഹാനെയാണ് ആദ്യം പവലിയനിലെത്തിയത്. ആറാം വിക്കറ്റിൽ രഹാനെക്കൊപ്പം 123 റൺസ് ചേർത്ത് നിർണായക പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജദേജ് (57) പിന്നാലെ മടങ്ങി.
ആർ. അശ്വിൻ (14), ഉമേഷ് യാദവ് (9), ജസ്പ്രീത് ബൂംറ (0), മുഹമ്മദ് സിറാജ് (0 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഓസീസിനായി മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും മുന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയ 195 റൺസിന് പുറത്തായിരുന്നു.
രണ്ടാം ഇന്നിങ്സിന് പാഡുകെട്ടിയിറങ്ങിയ ഓസീസിന്‍റെ ഓപണർ ജോ ബേൺസ് (4) വീണ്ടും പരാജയമായി. ഉമേഷ് യാദവിന്‍റെ പന്തിൽ ഋഷഭ് പന്തിന് ക്യാച് നൽകിയായിരുന്നു മടക്കം. ആർ. അശ്വിന് നേരത്തെ പന്ത് കൊടുത്ത രഹാനെയുടെ നീക്കം വിജയിച്ചു. അപകടകാരിയായി മാർനസ് ലബുഷെയ്നെ (28) അശ്വിൻ രഹാനെയുടെ കൈകളിലെത്തിച്ചു. സ്റ്റാർ ബാറ്റ്സ്മാനായ സ്റ്റീവൻ സ്മിത്ത് (8) ഒരിക്കൽ കൂടി നിറം മങ്ങി. അവസാന സെഷനിൽ 68 റൺസ് ചേർക്കുന്നതിനിടെ ഓസീസിന് നാല് വിക്കറ്റുകൾ നഷ്ടമായി. 40 റൺസെടുത്ത ഓപണർ മാത്യു വെയ്ഡ് മാത്രമാണ് പ്രതിരോധിച്ചത്.
ട്രവിസ് ഹെഡും (17) നായകൻ ടിം പെയ്നുമാണ് (1) പുറത്തായ മറ്റ് രണ്ട് ബാറ്റ്സ്മാൻമാർ. ഇന്ത്യക്കായി ജദേജ രണ്ട് വിക്കറ്റെടുത്തു. ബൂംറ, ഉമേഷ്, സിറാജ്, അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.