രോഹിത്തിന് വിശ്രമം; സിഡ്നി ടെസ്റ്റിൽ ഇന്ത്യയെ ബുംറ നയിക്കും

സിഡ്നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ജസ്പ്രീത് ബുംറ നയിക്കും. രോഹിത് വിശ്രമം ആവശ്യപ്പെട്ട് പിന്മാറിയതോടെയാണ് നായകനാവാനുള്ള നറുക്ക് ബുംറക്ക് വീണത്. മത്സരത്തിൽ നിന്നും രോഹിത് വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്ന് ടോസിനിടെ ബുംറ തന്നെയാണ് വ്യക്തമാക്കിയത്.

ബോർഡർ ഗവാസ്കർ ട്രോഫിയിൽ മോശം പ്രകടനമാണ് രോഹിത് തുടരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. മത്സരത്തിൽ കളിക്കുന്നില്ലെങ്കിലും രോഹിത് തന്നെയാണ് തങ്ങളുടെ ക്യാപ്റ്റനെന്ന് ബുംറ പറഞ്ഞു. പരിക്കേറ്റ ആകാശ്ദീപും ഇന്ന് ഇന്ത്യക്കായി കളിക്കുന്നില്ല. പ്രസീദ് കൃഷ്ണയാണ് പകരക്കാരൻ.

രോഹിത് നയിച്ച മൂന്നു ടെസ്റ്റുകളിൽ രണ്ടിലും ടീം പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റിൽ നേരിയ വ്യത്യാസത്തിനാണ് ഫോളോ ഓണും തോൽവിയും ഒഴിവാക്കിയത്. മത്സര തലേന്ന് നടക്കുന്ന പതിവ് വാർത്തസമ്മേളനത്തിൽ രോഹിത് ശർമ പങ്കെടുക്കാത്തതും സംശയത്തിനിടയാക്കിയിരുന്നു.

രോഹിത് സിഡ്‌നി ടെസ്റ്റില്‍ കളിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. രാവിലെ പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഗംഭീർ മറുപടി നല്‍കിയത്. അന്തിമ ഇലവനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

അതേസമയം, അഞ്ചാം ടെസ്റ്റിലും ഇന്ത്യ മോശം ​പ്രകടനം തുടരുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. യശ്വസി ജയ്സ്വാൾ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്തായത്. രോഹിത്തിന്റെ പകരക്കാരനായി ടീമിലെത്തിയ ഗില്ലിന് തിളങ്ങാനായില്ല.

Tags:    
News Summary - Bumrah leads India as Rohit chooses 'to rest' in Sydney

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.