തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ബുധനാഴ്ച കലാശപ്പോരാട്ടം. ഒന്നാം സെമിഫൈനലിൽ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഫൈനൽ ബെർത്തുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. 174 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തില്‍നിന്ന് 55 റണ്‍സ് നേടുകയും ചെയ്ത അഖില്‍ സ്കറിയയാണ് കാലിക്കറ്റിന്റെ വിജയശിൽപി.
കാലിക്കറ്റിനുവേണ്ടു അഖില്‍ സ്കറിയ (55) റോഹന്‍ കുന്നുമ്മല്‍ (64) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. അഖില്‍ -രോഹന് ബാറ്റിങ് കൂട്ടുകെട്ടിൽ പിറന്നത് 88 റണ്‍സാണ്. 14-ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ രോഹന് പുറത്താകുമ്പോള്‍ 34 പന്തില്‍നിന്ന് ആറു സിക്സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സെടുത്തു. 19ാം ഓവറിലെ രണ്ടാംപന്തില്‍ അഖിലിനെ കാലിക്കറ്റിന് നഷ്ടമായി. ടി.എസ്. വിനിലിന്റെ പന്തില്‍ അബ്ദുൽ ബാസിത് പുറത്താക്കുമ്പോള്‍ അഖില്‍ 43 പന്തില്‍നിന്ന് 55 റണ്‍സായിരുന്നു നേടിയത്. അവസാന ഓവറില്‍ സല്മാന് നിസാര്‍ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി. 20 ഓവറില്‍ അഞ്ചിന് 172 എന്ന നിലയില്‍ കാലിക്കറ്റ് ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറിലെ നാലാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. എന്നാല്‍, രണ്ടാം വിക്കറ്റില്‍ ഒന്നിച്ച റിയ ബഷീറും ഗോവിന്ദ് പൈയ്യും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ടീമിനെ അനായാസം വിജയത്തിലെത്തിക്കുമെന്ന് തോന്നിക്കുംവിധത്തിൽ സ്കോർ നിലയിൽ താളം നിലനിർത്തി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റൺസും.
15.4ാം ഓവറില്‍ റിയാ ബഷീറിനെ അഖില്‍ സ്കറിയ അഭിജിത് പ്രവീണിന്റെ കൈകളിലെത്തിച്ചു. 40 പന്തില്‍നിന്ന് ആറു സിക്സും മൂന്നു ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് റിയ അടിച്ചെടുത്തത്. സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗോവിന്ദ് പൈയുടേയും വിക്കറ്റ് കടപുഴകി. പിന്നാലെ നിരനിരയായി വിക്കറ്റുകൾ നഷ്ടമായതോടെ ട്രിവാന്‍ഡ്രം പ്രതിരോധത്തിലേക്ക് വഴുതിവീണു. ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് മൂന്നു പന്തില്‍ ഒരു റണ്‍ മാത്രം നേടി പുറത്തായി.
അഖില്‍ എം.എസ് (4), വിനോദ് കുമാര്‍ (9), ഗിരീഷ് പി.ജി (0) എന്നിവര്‍ വേഗം കൂടാരം കയറി. ഏഴ് വിക്കറ്റ് വീണതോടെ ട്രിവാന്‍ഡ്രത്തിന് പിന്നീട് തിരിച്ചുവരാനായില്ല. ഇതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155ന് അവസാനിച്ചു. കാലിക്കറ്റിന് 18 റണ്‍സ് ജയവും ഫൈനല്‍ ബെര്‍ത്തും. ട്രിവാന്‍ഡ്രം റോയല്‍സിനായി വിനില്‍ ടി.എസ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹരികൃഷ്ണന്, അഖില്‍ എം.എസ്, ശ്രീഹരി എസ്. നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.