കേപ്ടൗൺ: ഇന്ത്യ കാത്തിരുന്ന ചരിത്രമുഹൂർത്തത്തിലേക്ക് കൈപിടിക്കാൻ ഋഷഭ് പന്തിന്റെ വിലപ്പെട്ട സെഞ്ച്വറിക്കുമായില്ല. കീഗൻ പീറ്റേഴ്സൺ തകർത്തുകളിച്ച ദിനത്തിൽ ആതിഥേയർ കളിയും പരമ്പരയുമായി മടങ്ങി. മൂർച്ചപോയ ബാറ്റിങ്ങും ബൗളിങ്ങും ഇന്ത്യയെ പിറകോട്ടു നടത്തിയ മൂന്നാം ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. സ്കോർ ഇന്ത്യ 223 (കോഹ്ലി 79, റബാദ 4-73) & 198 (പന്ത് 100*, ജാൻസൺ 4-36)
ദക്ഷിണാഫ്രിക്ക 210 (പീറ്റേഴ്സൺ 72, ബുംറ 5-42) & 212-3 (പീറ്റേഴ്സൺ 82). ആദ്യ ഇന്നിങ്സിൽ പിടിച്ച ലീഡ് രണ്ടാം ഇന്നിങ്സിൽ നഷ്ടമാക്കിയ ഇന്ത്യക്കെതിരെ അനായാസമായിരുന്നു നാലാം ദിനം ആതിഥേയർ കളി പിടിച്ചത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അർധ സെഞ്ച്വറിക്കരികെനിന്ന പീറ്റേഴ്സൺ ഇന്നലെ വ്യക്തിഗത സ്കോർ 82ൽ നിൽക്കെ മടങ്ങി. കളി പൂർണമായി നിയന്ത്രണത്തിലാക്കിയിരുന്ന ദക്ഷിണാഫ്രിക്കക്ക് വിജയത്തിലേക്ക് അവശേഷിച്ചത് 57 റൺസ് മാത്രം.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന റാസി വാൻ ഡർ ഡസനും ടെംബ ബാവുമയും ചേർന്ന് അതിവേഗം ദൗത്യം പൂർത്തിയാക്കി. വാൻ ഡർ ഡസൻ 41 റൺസും ബാവുമ 32ഉം എടുത്തു. ആദ്യ ഇന്നിങ്സിലും തിളങ്ങിയ പീറ്റേഴ്സൺ മനോഹര ബാറ്റിങ്ങുമായാണ് പ്രോട്ടീസ് ജയം ഉറപ്പാക്കിയത്. ചരിത്രത്തിൽ നാലാം തവണയാണ് ആദ്യ ഇന്നിങ്സിൽ ലീഡു പിടിച്ച ശേഷം ഇന്ത്യ ടെസ്റ്റ് തോൽക്കുന്നത്. നിരവധി പ്രശ്നങ്ങളാൽ ഉഴറുന്ന ദക്ഷിണാഫ്രിക്കക്ക് വിജയം ആത്മവിശ്വാസം ഉയർത്തുമെങ്കിൽ, മറുവശത്ത് താരബാഹുല്യം അലട്ടുന്ന ഇന്ത്യക്ക് വരും നാളുകളിൽ പുതിയ ആധികൾക്ക് പരമ്പര തുടക്കമിട്ടേക്കും.
ആദ്യ ടെസ്റ്റ് മനോഹരമായി ജയിച്ച ശേഷമാണ് അടുത്ത രണ്ടും നിലംതൊടാതെ ഇന്ത്യ കൂപുകുത്തിയത്. മൂന്നു പതിറ്റാണ്ടായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടാനായില്ലെന്ന റെക്കോഡും അതേ പടി തുടരും. 2010ൽ ധോണിക്കു കീഴിൽ സമനിലയിലാക്കാനായതു മാത്രമാണ് ഇവിടെ കുറിച്ച വലിയ നേട്ടം.
തോൽവിയോടെ ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഇറങ്ങി. ശ്രീലങ്ക, ആസ്ട്രേലിയ, പാകിസ്താൻ എന്നിവയാണ് മുന്നിലുള്ളത്. മൂന്നു ഏകദിനങ്ങളാണ് ഇനി പ്രോട്ടീസ് മണ്ണിൽ ഇന്ത്യയെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.