മുംബൈ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ സ്വപ്നവുമായി കളത്തിലിറങ്ങിയ കേരളം കരുത്തരായ മഹാരാഷ്ട്രക്കെതിരെ മികച്ച സ്കോറിലേക്ക്. ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്‍റെയും രോഹൻ കുന്നുമ്മലിന്‍റെയും സെഞ്ച്വറി കരുത്തിൽ നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേരളം 42.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തിട്ടുണ്ട്.
95 പന്തിൽ 120 റൺസെടുത്താണ് രോഹൻ പുറത്തായത്. ഒരു സിക്സും 18 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 25 പന്തിൽ 29 റൺസെടുത്ത സഞ്ജു സാംസണിന്‍റെ വിക്കറ്റും നഷ്ടമായി. 133 പന്തിൽ 139 റൺസുമായി പ്രസാദും റണ്ണൊന്നും എടുക്കാതെ വിഷ്ണു വിനോദുമാണ് ക്രീസിൽ. ടോസ് നേടിയ മഹാരാഷ്ട്ര കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കേരളത്തിനായി ഒന്നാം വിക്കറ്റിൽ പ്രസാദും രോഹനും ചേർന്ന് 34.1 ഓവറിൽ 218 റൺസാണ് അടിച്ചുകൂട്ടിയത്.
ഏഴു മത്സരങ്ങളിൽ 20 പോയന്റുമായി തുല്യത പാലിച്ചതോടെയാണ് ക്വാർട്ടർ തേടി ഇരുടീമുകളും ഏറ്റുമുട്ടുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് മത്സരം. വിജയക്കുതിപ്പുമായി അനായാസം ക്വാർട്ടർ പ്രതീക്ഷിച്ചതിനൊടുവിൽ റെയിൽവേക്കു മുന്നിൽ 18 റൺസ് തോൽവി വഴങ്ങിയതോടെയായിരുന്നു സഞ്ജുവിനും സംഘത്തിനും നേരിട്ടുള്ള ക്വാർട്ടർ പ്രവേശനം മുടങ്ങിയത്.
നിലവിലെ ചാമ്പ്യനായ സൗരാഷ്ട്രയെ അട്ടിമറിച്ചെത്തിയ കേരളത്തിന് ഇന്ന് മഹാരാഷ്ട്ര കൂടി കടന്നാൽ കാര്യങ്ങൾ എളുപ്പമാകും. ഇതിലെ വിജയികൾക്ക് ക്വാർട്ടറിൽ ഹരിയാനയാണ് എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.