മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഉയർത്തിയ റൺമല താണ്ടിയിറങ്ങിയ ന്യൂസിലാൻഡ് പൊരുതുന്നു. ഡാരി മിച്ചലിന്റെ ഉജ്ജ്വല സെഞ്ച്വറിയും (101*) ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ അർധ സെഞ്ച്വറിയുടെയും (69) ബലത്തിൽ 37 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തിട്ടുണ്ട്.
വിക്കറ്റ് നാലും വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു. ലോകകപ്പിലുടനീളം മിന്നും ഫോമിലായിരുന്ന ഓപണർമാരായ ഡെവൻ കോൺവെ (13), രചിൻ രവീന്ദ്ര(13) എന്നിവരെ നിലയുറപ്പിക്കും മുൻപ് ഷമി മടക്കി അയക്കുകയായിരുന്നു.
എന്നാൽ നായകൻ വില്യംസൺ ഡാരി മിച്ചലിനെ കൂട്ടുപിടിച്ച് സ്കോർ 200 കടത്തി. രണ്ടിന് 39 റൺസ് എന്ന നിലയിൽ തുടങ്ങിയ കൂട്ടുകെട്ട് 220 ലാണ് അവസാനിക്കുന്നത്. ഷമിയുടെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച വില്യംസണെ കുൽദീപ് യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. ലോകകപ്പിലെ മുഹമ്മദ് ഷമിയുടെ 50ാം വിക്കറ്റായിരുന്നു അത്. ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഷമി സ്വന്തമാക്കി.
അകൗണ്ട് തുറക്കും മുൻപ് ടോം ലഥാമിനെ എൽ.ബി ഡബ്ല്യൂവിൽ കുരുക്കി ഷമി വീണ്ടും ഞെട്ടിച്ചു. ഏഴു റൺസെടുത്ത് ഗ്ലെൻ ഫിലിപ്പും 106 റൺസെടുത്ത ഡാരി മിച്ചലുമാണ് ക്രീസിൽ.
നാല് റെക്കോഡുകൾ, രണ്ട് സെഞ്ച്വറികൾ, ഒരു അർധ സെഞ്ച്വറി... സംഭവബഹുലമായിരുന്നു ലോകകപ്പിലെ ഇന്ത്യ-ന്യൂസിലാൻഡ് സെമിഫൈനലിലെ ആതിഥേയരുടെ ബാറ്റിങ് വിരുന്ന്. 113 പന്തിൽ 117 റൺസടിച്ച് ഏകദിന ചരിത്രത്തിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരമായും ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററായും ഇരട്ടനേട്ടം കൊയ്ത വിരാട് കോഹ്‍ലിയും, ലോകകപ്പിൽ 500 റൺസ് നേടുന്ന ആദ്യ മധ്യനിര ബാറ്ററായി ശ്രേയസ് അയ്യരും, ലോകകപ്പിൽ 50 സിക്സർ നേടുന്ന ആദ്യ താരമായി രോഹിത് ശർമയും റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവൊഴികെ ബാറ്റെടുത്തവരെല്ലാം ന്യൂസിലാൻഡ് ബൗളർമാരെ അടിച്ചൊതുക്കുന്ന കാഴ്ചയായിരുന്നു മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്. കോഹ്‍ലിക്ക് പുറമെ ഒരിക്കൽ കൂടി ശ്രേയസ് അയ്യർ അതിവേഗ സെഞ്ച്വറിയുമായി നിറഞ്ഞുനിന്ന മത്സരത്തിൽ ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും രോഹിത് ശർമ 29 പന്തിൽ 47ഉം കെ.എൽ രാഹുൽ 20 പന്തിൽ പുറത്താകാതെ 39ഉം റൺസുമായി തകർത്തടിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ സ്കോർ നാനൂറിനടുത്തെത്തിയത്. 70 പന്തിൽ എട്ട് സിക്സും നാല് ഫോറും സഹിതം 105 റൺസെടുത്ത ശ്രേയസിനെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡാറിൽ മിച്ചലും 113 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 117 റൺസടിച്ച കോഹ്‍ലിയെ ടിം സൗത്തിയുടെ പന്തിൽ ഡെവോൺ കോൺവേയും പിടികൂടുകയായിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമയാണ് കൂറ്റനടികൾക്ക് തുടക്കം കുറിച്ചത്. ടിം സൗത്തിയുടെ പന്ത് സിക്സടിച്ച് അർധസെഞ്ച്വറി പൂർത്തിയാക്കാനുള്ള നായകന്റെ ശ്രമം പാളിയപ്പോൾ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഏറെ ദൂരം പിന്നിലേക്കോടി മനോഹരമായി കൈയിലൊതുക്കുകയായിരുന്നു. തുടർന്നെത്തിയ കോഹ്‍ലിയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിന്റെ സ്കോറുയർത്തി. എന്നാൽ, 65 പന്തിൽ 79 റൺസെടുത്തുനിൽക്കെ ഗില്ലിന് പരിക്ക് കാരണം തിരിച്ചുകയറേണ്ടി വന്നു. പകരമെത്തിയ ശ്രേയസ് അയ്യർ ഗിൽ നിർത്തിയിടത്തുനിന്നാണ് തുടങ്ങിയത്. ഇന്ത്യൻ ബാറ്റർമാരിൽ ന്യൂസിലാൻഡ് ബൗളിങ്ങിനെ ഏറ്റവും മാരകമായി നേരിട്ടതും ശ്രേയസ് ആയിരുന്നു. രണ്ടാം വിക്കറ്റിൽ കോഹ്‍ലി-ഗിൽ സഖ്യം 86 പന്തിൽ 93 റൺസ് നേടിയപ്പോൾ 128 പന്തിൽ 163 റൺസാണ് കോഹ്‍ലി-ശ്രേയസ് സഖ്യം അടിച്ചുകൂട്ടിയത്. ലോകകപ്പിൽ 500 റൺസ് പിന്നിടുന്ന ആദ്യ മധ്യനിര ബാറ്ററെന്ന റെക്കോഡ് സ്വന്തം പേരിൽ ചേർത്താണ് ശ്രേയസ് മടങ്ങിയത്.
ഒരു റൺസെടുത്ത സൂര്യ കുമാർ യാദവ് പുറത്തായ ശേഷം തിരിച്ചെത്തിയ ശുഭ്മൻ ഗിൽ 60 പന്തിൽ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 80 റൺസുമായും കെ.എൽ രാഹുൽ 20 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റൺസുമായും പുറത്താകാതെനിന്നു.
ന്യൂസിലാൻഡിനായി ടിം സൗത്തി പത്തോവറിൽ 100 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിച്ച വിക്കറ്റ് ട്രെന്റ് ബോൾട്ടിനായിരുന്നു. പത്തോവറിൽ 85 റൺസാണ് ബോൾട്ട് വഴങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.