ടെസ്റ്റ് ടീമിൽനിന്ന് പുറത്ത്; പിന്നാലെ ബാറ്റിന്‍റെയും പന്തിന്‍റെയും ഇമോജി പങ്കുവെച്ച് പൂജാര; ഏറ്റെടുത്ത് ആരാധകർ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തനായ ബാറ്റർമാരിലൊരാളായ ചേതേശ്വർ പൂജാരയെ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മാറ്റി നിർത്തിയതിനെിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ക്ഷമയോടെ ക്രീസിൽനിന്ന് പന്തുകൾ നേരിട്ട്, ബൗളർമാരുടെ ആത്മവീര്യം കെടുത്തി, പതിയെ ഇന്നിങ്സുകൾ പടുത്തുയർത്തി, ടീമിന് വിജയം സമ്മാനിച്ച എത്രയെത്ര ഇന്നിങ്സുകളാണ് പൂജാരയുടെ ബാറ്റിൽനിന്ന് പിറന്നത്.

കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് താരം. എന്നാൽ, സമീപകാലത്തെ ഫോമില്ലായ്മയാണ് താരത്തെ വലക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും താരത്തിന് താളം കണ്ടെത്താനായില്ല. പുജാരയെ ടെസ്റ്റ് ടീമിൽനിന്ന് മാറ്റിനിർത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് മുൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ ഉന്നയിച്ചത്. പേസ് ആക്രമണത്തിന് പേരുകേട്ട പഴയ വിൻഡീസല്ല ഇപ്പോഴത്തേതെന്നും ചേതേശ്വർ പുജാരയെ എന്തിനാണ് ബലിയാടാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു.

ലോകകപ്പിൽ പരാജയമായ മറ്റുള്ളവരെയെല്ലാം നിലനിർത്തി പുജാരയെ മാത്രം മാറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ടീം പ്രഖ്യാപനത്തിനു പിന്നാലെ പൂജാര സമൂഹമാധ്യത്തിൽ പങ്കുവെച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താൻ ബാറ്റിങ് പരിശീലനം നടത്തുന്ന വിഡിയോക്കൊപ്പം കാപ്ഷനില്ലാതെ ബാറ്റിന്‍റെയും പന്തിന്‍റെയും ചുവന്ന ഹൃദയത്തിന്‍റെയും ഇമോജികളാണ് പൂജാര ട്വിറ്ററിൽ പങ്കുവെച്ചത്.

താരത്തിന്‍റെ ട്വീറ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ‘നിങ്ങൾ ശക്തമായി തിരിച്ചുവരും പൂജാര ഭായ്, എല്ലാവിധ ആശംസകളും’ -ഒരു ആരാധകൻ ട്വീറ്റ് ചെയ്തു. ‘ചാമ്പ്യൻ ശക്തമായി തിരിച്ചുവരൂ’, ‘ചേതേശ്വർ ഞങ്ങൾ നിന്നെ വിശ്വസിക്കുന്നു, സൂര്യൻ വീണ്ടും ഉദിക്കും’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകൾ.

Tags:    
News Summary - Cheteshwar Pujara Breaks Silence After Being Dropped For India Tour Of West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.