ടീമിന് ആദ്യ പരിഗണന നൽകു...; സെഞ്ച്വറിക്കായി ഇന്ത്യയുടെ വിജയം വൈകിപ്പിച്ച കോഹ്ലിക്കെതിരെ ടെസ്റ്റ് താരം

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ച്വറിക്കായി ടീം ഇന്ത്യയുടെ വിജയം വൈകിപ്പിച്ചതിന് വിരാട് കോഹ്ലിക്കെതിരെ ടെസ്റ്റ് താരം ചേതേശ്വർ പൂജാര.

ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. 42ാം ഓവറിലെ മൂന്നാം പന്തിൽ ജയിക്കാൻ രണ്ടു റൺസ് മാത്രം വേണമെന്നിരിക്കെ കോഹ്ലി സിക്സർ പറത്തുകയായിരുന്നു. ഈ ലോകകപ്പിലെ താരത്തിന്‍റെ ആദ്യ സെഞ്ച്വറിയാണ്. ഏകദിനത്തിലെ 48ാം സെഞ്ച്വറിയും. ഒരു സെഞ്ച്വറി കൂടി നേടിയാൽ ബാറ്റിങ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ റെക്കോഡിനൊപ്പമെത്താനാകും.

മത്സരത്തിൽ 38 ഓവറുകള്‍ പിന്നിടുമ്പോള്‍ കോഹ്ലി 73 റൺസെടുത്ത് ബാറ്റിങ് തുടരുകയായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു. കെ.എൽ. രാഹുലായിരുന്നു ഈ സമയം നോൺ സ്ട്രൈക്കിലുണ്ടായിരുന്നത്. സിംഗ്ൾ എടുക്കാൻ അവസരം ഉണ്ടായിട്ടും കോഹ്ലി തന്നെ സ്ട്രൈക്കിൽ തുടരുകയായിരുന്നു. കോഹ്ലിക്ക് സെഞ്ച്വറി തികക്കാനായി രാഹുൽ പൂർണ പിന്തുണ നൽകി.

വ്യക്തിഗത നേട്ടത്തിനായി കോഹ്ലി ടീമിന്‍റെ വിജയം വൈകിപ്പിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. നെറ്റ് റൺറേറ്റ് നിർണായക ഘടകമായതിനാൽ വേഗത്തിൽ ടീമിനെ വിജയത്തിലെത്തിക്കുകയാണ് വേണ്ടിയിരുന്നതെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വർ പൂജാരയും സമാന വിമർശനവുമായി കോഹ്ലിക്കെതിരെ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.

ലോകകപ്പ് പോലൊരു സുപ്രധാന ടൂർണമെന്‍റിൽ നെറ്റ് റൺറേറ്റ് നിർണായകമായതിനാൽ ടീമിനാണ് ആദ്യ പരിഗണന നൽകേണ്ടിയിരുന്നതെന്ന് പൂജാര പറയുന്നു. ‘വിരാട് കോഹ്ലി ആ സെഞ്ച്വറി നേടണമെന്ന് ഞാനും നിങ്ങളും ആഗ്രഹിച്ചതുപോലെ, കഴിയുന്നത്ര വേഗത്തിൽ മത്സരം പൂർത്തിയാക്കാനും ആഹ്രഹിച്ചു. നെറ്റ് റൺ റേറ്റ് ഉയർന്നതായിരിക്കണം. നെറ്റ് റൺ റേറ്റ് ഉയർത്താനുള്ള പോരാട്ടത്തിലാണെങ്കിൽ, നിങ്ങൾ അതാണ് ചെയ്യേണ്ടിയിരുന്നത്’ -പൂജാര ഇ.എസ്.പി.എൻ ക്രിക് ഇൻഫോയോട് പറഞ്ഞു.

ഒരു കൂട്ടായ തീരുമാനമെന്ന നിലയിൽ, നിങ്ങൾ പലതും ത്യജിക്കേണ്ടി വന്നേക്കാം. നിങ്ങൾ ടീമിനെ നോക്കണം, ടീമിനെ ഒന്നാമതെത്തിക്കാൻ ആഗ്രഹിക്കണം, അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. നിങ്ങൾക്ക് നാഴികക്കല്ല് വേണം, പക്ഷേ ടീമിന്റെ ചെലവിലാകരുതെന്നും പൂജാര കൂട്ടിച്ചേർത്തു. ഞായറാഴ്ച അഞ്ചാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് എതിരാളികൾ പോയന്റ് ടേബ്ളിൽ ഒന്നാമന്മാരായ ന്യൂസിലൻഡാണ്.

Tags:    
News Summary - Cheteshwar Pujara Criticises Virat Kohli Over Delaying India's Win vs Bangladesh For his Hundred;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.