ബർമിങ്ഹാം: അയൽക്കാരായ പാകിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യൻ ടീം കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിലെ ആദ്യ ജയം ആഘോഷിച്ചു. മഴഭീഷണിയിൽ 18 ഓവറാക്കി ചുരുക്കിയ ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ പാക് സംഘം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ ഇന്ത്യ എതിരാളികളെ 18 ഓവറിൽ 99ന് ഓൾ ഔട്ടാക്കി. മറുപടിയിൽ 11.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. ഓപണർ സ്മൃതി മന്ദാന 42 പന്തിൽ 63 റൺസെടുത്ത് പുറത്താവാതെ നിന്നു. ആദ്യ കളിയിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റിരുന്നു. ബുധനാഴ്ച ബാർബഡോസിനെതിരെയാണ് അടുത്ത മത്സരം.
ഹോക്കിയിൽ കുതിപ്പ്
പുരുഷ, വനിത ഹോക്കി ടീമുകൾ തകർപ്പൻ ജയങ്ങളുമായി മെഡൽ പ്രതീക്ഷ സജീവമാക്കി. ഇന്ത്യൻ പുരുഷന്മാർ പൂൾ ബി ആദ്യ മത്സരത്തിൽ ഘാനയെ എതിരില്ലാത്ത 11 ഗോളിന് മുക്കി. ഹർമൻപ്രീത് ഹാട്രിക് നേടി. വനിതകൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. പൂൾ 'എ' മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന് വെയ്‍ൽസിനെയാണ് തോൽപിച്ചത്. വന്ദന കതാരിയ രണ്ടും ഗുർജിത് കൗർ ഒരു ഗോളും ഇന്ത്യക്കായി നേടി. ആഗസ്റ്റ് രണ്ടിന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.