ലഖ്നോ: തുടർച്ചയായ ആറാം ജയം നേടി ലോകകപ്പിൽ അശ്വേമേധം തുടരുന്ന ടീം ഇന്ത്യയുടെ പേസ് പടയുടെ നായകൻ ജസ്്പ്രീത് ബുംറയെ പ്രശംസിച്ച് പാക് ഇതിഹാസ ബൗളർ വസീം അക്രം. ജസപ്രീത് ബുംറ ഒരു സമ്പൂർണ ബൗളറാണെന്നും ലോകത്ത് നിലവിൽ ഏറ്റവും മികച്ച ബൗളർ അവൻ തന്നെയാണെന്നും വസീം അക്രം പറഞ്ഞു.
"അവൻ (ബുമ്ര) ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചവനാണ്. നിയന്ത്രണം, വേഗത, വ്യതിയാനങ്ങൾ, ഒരു സമ്പൂർണ്ണ ബൗളറെ അവനിൽ കാണാം."- വസീം അക്രം പറഞ്ഞു. ഇടങ്കയ്യൻ ബാറ്റർമാർക്ക് നിരന്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയിലാണ് പന്തെറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഓവർ മുതൽ തന്നെ ബുമ്ര ഇൻസ്വിംഗുകളും ഔട്ട്സ്വിംഗുകളും ചെയ്യുന്നുവെന്നും അവന്റെ ലെങ്തും സീം പൊസിഷനുകളും കൃത്യമാണെന്നും അക്രം പറയുന്നു.
“ന്യൂ ബോളിൽ ബുംറയുടെ ലെങ്ത്, അത് ബാറ്റർമാർക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തുക മാത്രമാണ് പ്രതിവിധി. അതിന് അദ്ദേഹത്തിന്റെ ബൂട്ട് കവർന്ന് അദ്ദേഹത്തിന് ബൗൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കേണ്ടി വരും.” അക്രം തമാശയായി പറഞ്ഞു.
പാക് ബൗളർമാർ ബുംറയിൽ നിന്ന് പഠിക്കണമെന്നും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്നും അക്രം പറഞ്ഞു.
"എന്തുകൊണ്ടാണ് ബുംറ പാകിസ്താൻ ബൗളർമാരേക്കാൾ മാരകനാകുന്നത്, കാരണം, അദ്ദേഹം കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നു, അതേസമയം ഞങ്ങളുടെ ബൗളർമാർ വേണ്ടത്ര ദൈർഘ്യമേറിയ ഫോർമാറ്റിൽ കളിക്കുന്നില്ല,"- അക്രം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.