ദുബൈ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് മുകളിൽ ഇരുണ്ടുകൂടിയ വർണവിവേചനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൊട്ടിത്തെറിയിലേക്ക്. ചൊവ്വാഴ്ച ട്വന്‍റി 20 ലോകകപ്പിലെ വെസ്റ്റിൻഡിസിനെതിരായ മത്സരത്തിൽ ടീമിലെ സ്റ്റാർ ബാറ്റ്സ്മാനും മുൻ നായകനുമായ ക്വിന്‍റൺ ഡികോക്കിനെ ഇറക്കിയില്ല.
ദക്ഷിണാഫ്രിക്കയുടെ എല്ലാ മത്സരങ്ങളിലും ബ്ലാക് ലൈവ്സ് മാറ്ററിന് ഐക്യദാർഢ്യമാർപ്പിച്ച് മുട്ടുകുത്തി നിൽക്കാൻ തീരുമാനിച്ചതിനോട് ഡികോക്ക് വിയോജിച്ചതിനാലാണ് മാറ്റി നിർത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഡികോക്കിന്‍റെ നടപടി പരിശോധിച്ച് വരികയാണെന്നും തുടർനടപടികൾ കൈകൊള്ളുമെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രതികരിച്ചു. ഡികോക്കിന് പകരം റീസ ഹെന്റിക്സാണ് കളത്തിലിറങ്ങിയത്.
ഡികോക്ക് മത്സരത്തിനിറങ്ങാത്തത് സ്വകാര്യ കാരണങ്ങൾ കൊണ്ടാണെന്നാണ് വാർത്ത സമ്മേളനത്തിൽ നായകൻ ടെമ്പ ബാവുമ പ്രതികരിച്ചത്.. ''ഞാൻ കേട്ടതിനെക്കുറിച്ച് ഭയപ്പെടുന്നു. ഡികോക്കിനെ ഇനി ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ കണ്ടില്ലെങ്കിലും അത്ഭുതപ്പെടാനില്ല'' -എന്നാണ് കമേന്ററ്റർ ഹർഷ ഭോഗ്ലെ വിഷയത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.
മുട്ടുകുത്തിനിന്നുള്ള ഐക്യദാർഢ്യത്തോട് വിയോജിച്ചതാണ് ഡികോക്ക് പുറത്തിരിക്കാൻ കാരണമെന്ന് ദക്ഷിണാഫ്രിക്കയിലെ സ്പോർട് സംപ്രേക്ഷകരായ സൂപ്പർസ്പോർട്സും റിപ്പോർട്ട് ചെയ്തു. മുമ്പ് വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിലും മുട്ടുകുത്തി നിൽക്കുന്നതിന് ഡികോക്ക് വിയോച്ചിരുന്നു. ഇത് തന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും ആരെയും ഈ വിഷയത്തിൽ നിർബന്ധിക്കരുതെന്നും ഡികോക്ക് പറഞ്ഞിരുന്നു.
തകർപ്പൻ ഫോമിലായിരുന്നിട്ടും മുൻ നായകൻ ഫാഫ് ഡുെപ്ലസിസിനെ ടീമിലെടുക്കാത്തതിന് പിന്നിലും വംശീയതയുമായി ബന്ധപ്പെട്ടാണെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഐ.പി.എൽ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായ ചെന്നൈയുടെ ഡുെപ്ലസിസിനെ അഭിനന്ദിക്കാതെ സൈഡ് ബെഞ്ചിലിരുന്ന ലുൻഗി എൻഗിഡിയെ സമൂഹമാധ്യമങ്ങളിലൂട ദക്ഷിണാഫ്രിക്കൻ ബോർഡ് അഭിനന്ദിച്ചത് വിവാദമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം എ.ബി ഡിവില്ലിയേഴ്സ് അപ്രതീക്ഷിതമായി കളി മതിയാക്കിയതിന് പിന്നിലും വംശീയതയുമായ ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.