പൂണെ: ദക്ഷിണാഫ്രിക്കൻ ഓപണർ ക്വിന്റൺ ഡികോക്ക് കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ. ഏഴു മത്സരങ്ങൾ പിന്നിട്ട ഈ ലോകകപ്പിൽ നാല് സെഞ്ച്വറികളാണ് ഡികോക്ക് നേടിയത്. 545 റൺസുമായി റൺ വേട്ടയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഈ ഫോമിൽ ഡിക്കോക്ക് തുടർന്നാൽ തകരാൻ പോകുന്നത് നിരവധി റെക്കോഡുകളാണ്. ഒരറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റെക്കോഡുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിലാണ്. കഴിഞ്ഞ ലോകകപ്പിൽ അഞ്ച് സെഞ്ച്വറികളാണ് രോഹിത് നേടിയത്. നിലവിൽ നാല് സെഞ്ച്വറികൾ നേടിയ ഡികോക്ക് ശ്രീലങ്കയുടെ കുമാർ സംഗകാരക്കൊപ്പം രണ്ടാമതാണ്.
ഏറെ കുറെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കക്ക് മൂന്ന് മത്സരങ്ങൾ ചുരുങ്ങിയത് ഇനി ലഭിച്ചേക്കും. നിലവിലെ ഫോമിൽ രോഹിതിന്റെ റെക്കോഡിനൊപ്പമെത്താനോ മറികടക്കാനോ ഡികോക്കിന് ഈ മത്സരങ്ങൾ മതിയാകും.
മാത്രമല്ല, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ടോപ് 10 ലിസ്റ്റിലും ഡിക്കോക്ക് ഉണ്ട്. പട്ടികയിൽ ഒന്നാമതുള്ളത് സാക്ഷാൽ സചിൻ ടെണ്ടുൽക്കറാണ്. 2003 ലെ ലോകകപ്പിൽ നേടിയ 673 റൺസാണ് ഇപ്പോഴും ലോകറെക്കോഡ്. ആ നേട്ടത്തിനൊപ്പമെത്താൻ 128 റൺസിന്റെ ദൂരമേ ഡിക്കോക്കിനുള്ളൂ.
ഈ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ഈ 30 കാരൻ ദക്ഷിണാഫ്രിക്കക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരമായി. 152 മത്സരങ്ങളിൽ നിന്ന് 21 സെഞ്ച്വറികളാണ് ഡിക്കോക്കിനുള്ളത്. ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ളത്. 27 സെഞ്ച്വറികൾ നേടിയ ഹാംഷിം അലംക്ക് തൊട്ടു പിന്നിലായി 25 സെഞ്ച്വറികൾ നേടിയ എബി ഡിവില്ലേഴ്സുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.