87 പന്തുകളിൽ 176 റൺസ്; ഇന്ത്യയുടെ ട്വന്‍റി20യിലെ ഉയർന്ന ബാറ്റിങ് കൂട്ടുകെട്ട് ഇനി ഇവരുടെ പേരിൽ

ഡബ്ലിൻ: അവസാന മത്സരത്തിൽ അയർലൻഡ് വിറപ്പിച്ചെങ്കിലും ഒടുവിൽ വിജയം ഇന്ത്യക്കൊപ്പം നിന്നു. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇത്തിരിക്കുഞ്ഞന്മാരെ മൈതാനത്തിനു ചുറ്റും വിരട്ടിയോടിച്ച് കൂറ്റൻ സ്കോർ ഉയർത്തിയിട്ടും ഉദ്വേഗം അവസാന ഓവറിലെ അവസാന പന്തു വരെ നീണ്ടു.

നാലു റൺസിനാണ് ഇന്ത്യൻ ജയം. ഐറിഷ് ബൗളർമാരെ അടിച്ചു പറത്തി ദീപക് ഹൂഡ നേടിയ തകർപ്പൻ സെഞ്ച്വറിയുടെയും മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും ബലത്തിൽ ഇന്ത്യ ഉയർത്തിയത് 225 റൺസ്. 57 പന്തിൽ ഒമ്പത് ബൗണ്ടറിയും ആറ് സിക്സുമടക്കം 104 റൺസ് നേടി ഹൂഡ ടോപ് സ്കോററായി. സഞ്ജു 42 പന്തിൽ ഒമ്പത് ഫോറും നാല് സിക്സുമുൾപ്പെടെ 77 റൺസടിച്ചു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 പന്തിൽ 176 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇന്ത്യയുടെ ട്വന്‍റി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിങ് കൂട്ടുകെട്ടാണിത്. 2017ൽ ശ്രീലങ്കക്കെതിരെ രോഹിത് ശർമയും കെ.എൽ. രാഹുലും നേടിയ 165 റൺസ് കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. ട്വന്‍റി20യിൽ രണ്ടാം വിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന ബാറ്റിങ് പാർട്ണർഷിപ്പും ഇതുതന്നെ.

2019ൽ അയർലൻഡിനെതിരെ അഫ്ഗാനിസ്താൻ താരങ്ങളായ ഹസ്രത്തുള്ള സസായിയും ഉസ്മാൻ ഘനിയും ഒന്നാം വിക്കറ്റിൽ നേടിയ 236 റൺസാണ് നിലവിൽ ട്വന്‍റി20യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

Tags:    
News Summary - Deepak Hooda, Sanju Samson Register Highest-Ever Partnership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.