മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നടി ധനശ്രീ വർമ്മയും വേർപിരിഞ്ഞു. മൂന്ന് വർഷമായി വേർപരിഞ്ഞ് താമസിക്കുന്ന ഇവർ ഔദ്യോഗികമായി വിവാഹമോചനം നേടിയതായി അഭിഭാഷകൻ അറിയിച്ചു.
വ്യാഴാഴ്ച മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയിലാണ് അന്തിമ വാദം നടന്നത്. വിവാഹമോചനത്തെക്കുറിച്ച് ചാഹലോ ധനശ്രീയോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ മാർച്ച് 22ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാർച്ച് 20നകം കേസ് തീർപ്പാക്കാൻ ബോംബെ ഹൈക്കോടതി ബാന്ദ്ര കുടുംബ കോടതിയോട് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് ചാഹൽ.
ഹിന്ദു വിവാഹ നിയമപ്രകാരം ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെയും ധനശ്രീ വർമയുടെയും വിവാഹമോചനത്തിനുള്ള നിയമപരമായ കൂളിങ്-ഓഫ് കാലയളവ് അനുവദിച്ച കുടുംബ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. വരാനിരിക്കുന്ന ഐ.പി.എല്ലിൽ ചാഹലിന്റെ പങ്കാളിത്തം പരിഗണിച്ച് വ്യാഴാഴ്ചക്കുള്ളിൽ വിവാഹമോചന ഹർജിയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മാധവ് ജംദാറിന്റെ ബെഞ്ച് കുടുംബ കോടതിയോട് നിർദേശിച്ചിരുന്നു.
2020 ഡിസംബറിൽ വിവാഹിതരായ ദമ്പതികൾ 2022 ജൂൺ മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാർ ആൻഡ് ബെഞ്ച് പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിലാണ് ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്.
സെക്ഷൻ 13B(2) പ്രകാരം, വിവാഹമോചനത്തിനുള്ള പരസ്പര ഹർജി ഫയൽ ചെയ്ത തീയതി മുതൽ ആറ് മാസത്തിന് ശേഷം മാത്രമേ കുടുംബ കോടതിക്ക് കേസ് പരിഗണിക്കാൻ കഴിയൂ. എന്നാൽ ചാഹലും ധനശ്രീയും രണ്ടു വർഷത്തിലേറെയായി പരസ്പരം വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ ഈയൊരു കാലയളവിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് ഹർജിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞ ചാഹൽ, ജീവനാംശമായി 4 കോടി 75 ലക്ഷം രൂപ ധന്യശ്രീക്ക് നൽകാൻ സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.