ന്യൂസിലൻഡ് പര്യടനത്തിലെ ട്വന്‍റി20 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്നത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയാണ്. വെള്ളിയാഴ്ചത്തെ ആദ്യ ട്വന്‍റി20 മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രോഹിത് ശർമക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഹാർദിക് നായകനായത്.
കുട്ടിക്രിക്കറ്റിൽ രോഹിത് ശർമക്കു പകരം ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം നേരത്തെ തന്നെ മുൻ താരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ലോകകപ്പ് പരാജയത്തിനു പിന്നാലെ ഇത് ശക്തമാകുകയും ചെയ്തു. എന്നാൽ, മുൻ പാകിസ്താൻ താരം സൽമാൻ ബട്ടിന്‍റെ അഭിപ്രായം മറിച്ചാണ്. ഹാർദിക്കിന് ടീമിനെ നയിക്കാനുള്ള നേതൃഗുണങ്ങളൊന്നും ഇല്ലെന്ന വിശ്വാസക്കാരനാണ് ബട്ട്. ട്വന്‍റി20 ലോകകപ്പ് ജയിക്കാത്തതുകൊണ്ടു മാത്രം രോഹിത് ശർമയെ ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് നീക്കരുതെന്നും ബട്ട് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
'ഹാർദിക്കിനെ ആരാണ് ക്യാപ്റ്റനായി കാണുക, ആർക്കാണ് അത്തരം സ്വപ്നങ്ങളുണ്ടാകുക, എനിക്കറിയില്ല. അദ്ദേഹത്തിന് കഴിവുണ്ട്, ഐ.പി.എല്ലിൽ ചാമ്പ്യനായിട്ടുണ്ട്. എന്നാൽ, രോഹിത് ശർമ്മയും ഐ.പി.എല്ലിൽ അഞ്ചോ, ആറോ തവണ കിരീടം നേടിയിട്ടുണ്ട്. ട്വന്‍റി20 ലോകകപ്പിൽ അദ്ദേഹം നന്നായി സ്കോർ ചെയ്തിരുന്നെങ്കിൽ, ക്യാപ്റ്റൻസിയിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കില്ലായിരുന്നു' -ബട്ട് പറഞ്ഞു.
ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ മാത്രമാണ് വലിയ മാറ്റങ്ങളെ കുറിച്ച് ആളുകൾ വേഗത്തിൽ ചിന്തിക്കുന്നത്. എല്ലാവരുമില്ല, ഏതാനും ചിലർ. അഭിപ്രായം പറയുന്നതിന് വേണ്ടി മാത്രം ക്യാപ്റ്റനെ മാറ്റാൻ പറയുന്നവരാണ് പലരും. ഒരു ക്യാപ്റ്റനു മാത്രമേ കിരീടം നേടാനാകു. അതിനർഥം ബാക്കിയുള്ള 11 ക്യാപ്റ്റന്മാരെയും മാറ്റണമെന്നല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.