സന്നാഹം അനായാസം; ജയത്തോടെ തുടങ്ങി ഇന്ത്യ

ന്യൂയോർക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 60 റൺസിന്റെ അനായാസ ജയം. 183 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസിൽ അവസാനിക്കുകയായിരുന്നു. 28 പന്തിൽ 40 റൺസെടുത്ത മഹ്മൂദുല്ലയാണ് അവരുടെ ടോപ് സ്കോറർ. തൻസീദ് ഹസൻ (17), തൗഹീദ് ഹ്രിദോയ് (13), ഷാകിബ് അൽ ഹസൻ (28) എന്നിവരാണ് മഹ്മൂദുല്ലക്ക് പുറമെ രണ്ടക്കം കടന്നവർ. ഇന്ത്യൻ ബൗളർമാരിൽ അർഷ്ദീപ് സിങ്, ശിവം ദുബെ എന്നിവർ രണ്ട് വീതവും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷബ് പന്തിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 182 റൺസ് അടിച്ചെടുത്തത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ രോഹിത് ശർമക്കൊപ്പം ഓപണറായെത്തിയ മലയാളി താരം സഞ്ജു സാംസൺ ഒരു റൺസുമായി പുറത്തായി. ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രം നേടിയ താരം ഷോരിഫുൽ ഇസ്‍ലാമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

തുടർന്ന് ഒരുമിച്ച രോഹിത് ശർമയും ഋഷബ് പന്തും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തുമെന്ന് തോന്നിച്ചെങ്കിലും 19 പന്തിൽ 23 റൺസെടുത്ത രോഹിതിനെ മഹ്മൂദുല്ലയുടെ പന്തിൽ റിഷാദ് ഹുസൈൻ പിടികൂടി. 32 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 53 റൺസെടുത്ത പന്ത് റിട്ടയർ ഔട്ടായി തിരിച്ചുകയറി. 16 പന്തിൽ 14 റൺസ് നേടിയ ശിവം ദുബെയും 18 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവും വൈകാതെ മടങ്ങി. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180 കടത്തിയത്. പാണ്ഡ്യ 23 പന്തിൽ 40 റൺസുമായും രവീന്ദ്ര ജദേജ ആറ് പന്തിൽ നാല് റൺസുമായും പുറത്താകാതെനിന്നു. ബംഗ്ലാദേശിനായി മഹെദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, മഹ്മൂദുല്ല, തൻവീർ ഇസ്‍ലാം എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - Easy warm up; India started with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.