ന്യൂഡൽഹി: വിവിധ കാലങ്ങളിൽ ഇന്ത്യൻ ടീമിന്റെ അന്താരാഷ്ട്ര ജഴ്സിയണിഞ്ഞ അഞ്ചുപേർ രഞ്ജി ട്രോഫി സീസണോടെ ആഭ്യന്തര ക്രിക്കറ്റ് മതിയാക്കി. ബംഗാൾ നായകൻ മനോജ് തിവാരിക്കു പുറമെ ഝാർഖണ്ഡിന്റെ സൗരഭ് തിവാരി, വരുൺ ആരോൺ, മുംബൈക്കാരൻ ധവാൽ കുൽകർണി, വിദർഭക്ക് രഞ്ജി കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ ഫായിസ് ഫസൽ എന്നിവരാണ് വിരമിച്ചത്. അന്താരാഷ്ട്രതലത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കുറെ നാളായി അവസരമില്ലാതിരുന്ന ഇവർ ആഭ്യന്തര ക്രിക്കറ്റിൽ തുടരുകയായിരുന്നു.
പേസ് ബൗളിങ് ഓൾറൗണ്ടറായ ധവാൽ, ഇന്ത്യൻ ജഴ്സിയിൽ 12 ഏകദിനവും രണ്ടു ട്വന്റി20യും കളിച്ചിട്ടുണ്ട്. 2007 മുതൽ മുംബൈയുടെ രഞ്ജി താരമാണ്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ലയൺസ് ടീമുകൾക്കായി ഐ.പി.എല്ലിലും അണിനിരന്നിട്ടുണ്ട് 35കാരൻ.
ഇടംകൈയൻ ബാറ്ററായ സൗരഭ്, ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിനങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും ഐ.പി.എൽ വെടിക്കെട്ടിലൂടെ ആരാധകർക്ക് സുപരിചിതനാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8076ഉം ലിസ്റ്റ് എ വിഭാഗത്തിൽ 4050ഉം ട്വന്റി20യിൽ 3454ഉം റൺസ് സ്കോർ ചെയ്തിട്ടുണ്ട് 34കാരൻ. 19 വർഷത്തോളമായി ഝാർഖണ്ഡ് താരമാണ്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡെയർ ഡെവിൾസ്, റൈസിങ് പുണെ ജയന്റ്സ് ടീമുകൾക്കായി ഐ.പി.എല്ലിലും ഇറങ്ങി.
ഒമ്പതു വീതം അന്താരാഷ്ട്ര ഏകദിന, ട്വന്റി20 മത്സരങ്ങളിൽ ഇറങ്ങിയ താരമാണ് പേസ് ബൗളറായ വരുൺ. ഝാർഖണ്ഡ്, ബറോഡ ടീമുകൾക്കായി രഞ്ജിയും ഡൽഹി ഡെയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവക്കുവേണ്ടി ഐ.പി.എല്ലിലും ലെസ്റ്റർഷയറിനായി കൗണ്ടിയും കളിച്ചു 34കാരൻ.
21 വർഷം നീണ്ട രഞ്ജി ട്രോഫി കരിയറിൽ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യമുണ്ടായ നായകനാണ് വിദർഭയുടെ ഫായിസ് ഫസൽ. 2018ലായിരുന്നു സ്വപ്നനേട്ടം. 2016ൽ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ട്വന്റി20 ടീമുകളിൽ അംഗമായി. ഒരു ഏകദിനം മാത്രമാണ് കളിച്ചത്. അന്ന് എം.എസ്. ധോണിക്കു കീഴിൽ ഇറങ്ങി 55 റൺസുമായി പുറത്താവാതെ നിന്ന ഫായിസിന് പിന്നെ അവസരം ലഭിച്ചില്ല.രാജസ്ഥാൻ റോയൽസിന്റെയും റെയിൽവേസിന്റെയും ജഴ്സിയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് 38കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.