അടുത്ത മാസം യു.എ.ഇയിൽ വെച്ച് നടക്കുന്ന വനിത ട്വന്‍റി-20 ലോകകപ്പിന് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. 7,958,080 ഡോളറാണ് ഇത്തവണത്തെ ലോകകപ്പ് പ്രൈസ് പൂളിന് മുഴുവനായി ഐ.സി.സി നൽകുന്നത്. 2023ൽ നൽകിയതിനേക്കാൾ ഇരട്ടിയിൽ കൂടുതലാണ് ഈ തുക. വിജയിക്കുന്നവർക്ക് 2.34 മില്യൺ ഡോളറാണ് ലഭിക്കുക. കഴിഞ്ഞ വർഷം ജേതാക്കളായ ആസ്ട്രേലിയക്ക് ലഭിച്ച ഒരു മില്യണിനേക്കാൾ 134 ശതമാനമാണ് ഇത്തവണ കൂടുതൽ. റണ്ണറപ്പുകൾക്കും ഇത്രയും ശതമാനം തന്നെ തുക കൂടുതൽ നൽകുന്നുണ്ട്.
1.17 മില്യൺ ഡോളറാണ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് ലഭിക്കുക. സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 675,000 ഡോളറും ലഭിക്കുന്നതാണ്. 2023നേക്കാൾ 221 ശതമാനം കൂടുതലായിരിക്കുമിത്. ഓരോ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന തുകയിലും വൻ വർധനവ് ലഭിക്കുന്നുണ്ട്. ഒരു മത്സരത്തിൽ വിജയിച്ചാൽ കഴിഞ്ഞ തവണ 17,500 ഡോളറാണ് ലഭിച്ചതെങ്കിൽ ഇത്തവണ 31,154 ഡോളറാണ് ലഭിക്കുക. 78% വർധനവ് ഇതിലുണ്ട്. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനത്തുകയുണ്ടാകുമെന്നും ഐ.സി.സി അറിയിച്ചു. 112,500 ഡോളർ എല്ലാ ടീമുകൾക്കും ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനത്ത് എത്തുന്നവർക്ക് 270,000 ഡോളർ ലഭിക്കുമ്പോൾ ഒമ്പതും പത്തും സ്ഥാനത്ത് എത്തുന്നുവർക്ക് 135,000 ഡോളറുമാണ് ലഭിക്കുക.
പുരുഷ ക്രിക്കറ്റും വനിതാ ക്രിക്കറ്റുമായുള്ള അന്തരം കുറക്കാനാണ് ഇത്തരത്തിലുള്ള തീരുമാനം ഐ.സ.സി എടുത്തത്. പുരുഷ ലോകകപ്പ് പോലെതന്നെ ഒരു വർഷത്തിലെ പ്രധാന ഇവന്‍റായി വനിതാ ലോകകപ്പും മാറ്റാൻ ഇത്തരത്തിലുള്ള നവീകരണം സഹായിക്കുമെന്ന് ഐ.സി.സി വിശ്വസിക്കുന്നു. ഒക്ട്ബോർ മൂന്നിന് ആരംഭിക്കുന്ന ലോകകപ്പ് അതേമാസം 20ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.