ഷാർജ: ട്വൻറി20 ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി മുന്നേറുന്ന ഇംഗ്ലണ്ടിന് തുടർച്ചയായ നാലാം ജയം. ടോസ് നേടി രണ്ടാമതായി ബാറ്റുചെയ്യുന്നവർ മഹാഭൂരിഭാഗം മത്സരങ്ങളും വിജയിക്കുന്ന ടൂർണമെന്റിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ശ്രീലങ്കയെ നേടിയ 26 റൺസിന് തകർത്തു. ജയത്തോടെ ഇംഗ്ലണ്ട് സെമിയിലേക്ക് ഒരു പടികൂടി അടുത്തു. ജോസ് ബട്ലറുടെ സെഞ്ച്വറിക്കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസ് പിന്തുടർന്നിറങ്ങിയ മരതകദ്വീപുകാർക്ക് 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. അഞ്ചോവറിൽ അഞ്ചുവിക്കറ്റ് ശേഷിക്കേ വിജയത്തിലേക്ക് 50 റൺസ് മതിയായിരുന്ന ലങ്കയെ ഫീൽഡിങ്ങിന്റെയും ബൗളിങ്ങിന്റെയും മികവിൽ ഇംഗ്ലണ്ട് പിടിച്ചുകെട്ടുകയായിരുന്നു.
മുഈൻ അലി, ആദിൽ റഷീദ്, ്രികസ് ജോർദൻ എന്നിവർ ഇംഗ്ലീഷുകാർക്കായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. 21 പന്തിൽ 34 റൺസെടുത്ത വനിന്ദു ഹസരങ്ക, ദസൻ ഷനക (26), ബനുക രാജപക്സ (26) എന്നിവർ ശ്രീലങ്കക്കായി പൊരുതി നോക്കിയെങ്കിലും അതിജീവിക്കാനായില്ല. നാലുമത്സരങ്ങളിൽ നിന്നും ശ്രീലങ്കയുടെ മൂന്നാം തോൽവിയാണിത്.
ടോസ് നഷ്ടപ്പെട്ട് ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസടിച്ചു. തുടക്കത്തിലെ തകർച്ചക്കുശേഷം തകർപ്പൻ ഫോം തുടരുന്ന ഓപണർ ജോസ് ബട്ലറുടെ മിന്നുന്ന സെഞ്ച്വറിയുടെ (67 പന്തിൽ പുറത്താവാതെ 101) മികവിലാണ് ഇംഗ്ലീഷുകാർ സ്കോറുയർത്തിയത്. ക്യാപ്റ്റൻ ഓയിൻ മോർഗൻ (36 പന്തിൽ 40) പിന്തുണ നൽകി. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയും ബട്ലറുടെ ആദ്യ ട്വൻറി20 സെഞ്ച്വറിയുമാണിത്.
35 റൺസാവുേമ്പാഴേക്കും ജേസൺ റോയ് (9), ഡേവിഡ് മലാൻ (6), ജോണി ബെയർസ്റ്റോ (0) എന്നിവർ മടങ്ങിയെങ്കിലും നാലാം വിക്കറ്റിന് ബട്ലർ-മോർഗൻ ജോടി 78 പന്തിൽ 112 റൺസ് കൂട്ടുകെട്ടുയർത്തുകയായിരുന്നു. ആദ്യ 10 ഓവറിൽ 47 റൺസ് മാത്രം നേടിയ ഇംഗ്ലണ്ട് പിന്നീടുള്ള 60 പന്തിൽ 116 റൺസടിച്ചു. 45 പന്തിൽ ആദ്യ 50 കടന്ന ബട്ലർ പിനനീട് നിറഞ്ഞാടുകയായിരുന്നു. അടുത്ത 50 റൺസ് പിറന്നത് 22 പന്തിൽ. ആറു വീതം സിക്സും ഫോറും മകുടം ചാർത്തിയതായിരുന്നു ബട്ലറുടെ ഇന്നിങ്സ്.
മറുവശത്ത് ഇതുവരെ ഫോമിലല്ലാതിരുന്ന മോർഗൻ ബട്ലർക്കൊത്ത പങ്കാളിയായി. ലെഗസ്പിന്നർ വാനിഡു ഹസരംഗയാണ് മൂന്നു വിക്കറ്റുമായി ലങ്കൻ ബൗളർമാരിൽ തിളങ്ങിയത്. റോയിയെ ക്ലീൻ ബൗൾഡാക്കിയ ഹസരംഗ ബെയർസ്റ്റോയെ വിക്കറ്റിനുമുന്നിൽ കുടുക്കി. അവസാനഘട്ടത്തിൽ മോർഗെൻറ കുറ്റി പിഴുത് സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ചതും ഹസരംഗയായിരുന്നു. മലാനെ പേസ് ബൗളർ ദുഷ്മന്ത ചമീര ക്ലീൻ ബൗൾഡാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.