ആറു പന്തിൽ ജയിക്കാൻ 21 റൺസ്; അഞ്ചു പന്തിൽ കളി ജയിപ്പിച്ച് ഹാരി ബ്രൂക്ക്; ത്രില്ലർ പോരിൽ വിൻഡീസിനെ വീഴ്ത്തി ഇംഗ്ലണ്ട്

ട്വന്‍റി20 മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ വീഴ്ത്തി ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്‍റെ തകർപ്പൻ ജയം. അവസാന ആറു പന്തിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 21 റൺസാണ് വേണ്ടിയിരുന്നത്, ഇംഗ്ലീഷ് ഓൾ റൗണ്ടർ ഹാരി ബ്രൂക്കിന്‍റെ വെടിക്കെട്ട് ഫിനിഷിങ് ബാറ്റിങ്ങിൽ ഒരു പന്തുബാക്കി നിൽക്കെ സന്ദർശകർ മത്സരം സ്വന്തമാക്കി.

ആന്ദ്രെ റസ്സൽ എറിഞ്ഞ 20ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും ഉൾപ്പെടെ അഞ്ചു പന്തിൽ 24 റൺസാണ് ബ്രൂക്ക് അടിച്ചെടുത്തത്. ഏഴു പന്തിൽ 31 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിക്കോളാസ് പൂരന്‍റെ അർധ സെഞ്ച്വറിയുടെ (45 പന്തിൽ 82 റൺസ്) ബലത്തിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 19.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. ഓപ്പണർ ഫിൽ സാൽട്ടിന്‍റെ അപരാജിത സെഞ്ച്വറിയും ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ നിർണായകമായി. 56 പന്തിൽ ഒമ്പത് സിക്സും നാലു ഫോറുമടക്കം 109 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. താരത്തിന്‍റെ ആദ്യ ട്വന്‍റി20 സെഞ്ച്വറിയാണിത്. നായകൻ ജോസ് ബട്ലർ അർധ സെഞ്ച്വറി നേടി (34 പന്തിൽ 51 റൺസ്) പുറത്തായി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ഇംഗ്ലണ്ട് തകർപ്പൻ ജയത്തോടെ പ്രതീക്ഷ സജീവമാക്കി.

അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അവസാന ഓവറിൽ റസ്സലിന്‍റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ബ്രൂക്ക്, അടുത്ത രണ്ടു പന്തുകൾ സിക്സർ പറത്തി. നാലാം പന്തിൽ രണ്ടു റൺസ്. അഞ്ചാം പന്തിൽ വീണ്ടും സിക്സ്. ജയിക്കാൻ 21 റൺസ് വേണ്ടിടത്ത് ബ്രൂക്ക് നേടിയത് 24 റൺസ്. പരമ്പരയിലെ നാലാം ട്വന്‍റി20 ചൊവ്വാഴ്ച ട്രിനിഡാഡിൽ നടക്കും.

Tags:    
News Summary - England win by 7 wickets in third T20I vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.