കപ്പിത്താന്‍റെ ഇന്നിങ്സ് കളിച്ച് ഹാരി ബ്രൂക്ക്; ഓസീസിനെതിരെ ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്

ആസ്ട്രേലിയക്കെതിരെയുള്ള മൂന്നാം ഏകദിനത്തിൽ വിജയിച്ച് ഇംഗ്ലണ്ട്. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ആദ്യ രണ്ട് മത്സരത്തിലും ഇംഗ്ലണ്ട് തോറ്റിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ആസ്ട്രേലിയയാണ് മുന്നിട്ട് നിൽക്കുന്നത്. അലക്സ് കാരി വീണ്ടും ടീമിനെ കാരി ചെയ്തപ്പോൾ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ മോശമല്ലാത്ത സ്കോറിലെത്താൻ ഓസീസിന് സാധിച്ചിരുന്നു. എന്നാൽ മഴ കളിച്ച മത്സരത്തിൽ ഒടുവിൽ ഡി.എൽ.എസ് നിയമപ്രകാരം വിജയം ഇംഗ്ലണ്ടിനൊപ്പം നിൽക്കുകയായിരുന്നു. 46 റൺസിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ച് കയറിയത്.

ഈ മത്സരം കൂടി തോറ്റാൽ പരമ്പര നകഷ്ടമാകുമെന്നിരിക്കെ യുവനായകൻ ഹാരി ബ്രൂക്ക് കപ്പിത്താന്‍റെ വേഷം അർത്ഥവത്താക്കുകയായിരുന്നു. 11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ബ്രൂക്കും വിൽ ജാക്സും കര കയറ്റി. ബ്രൂക്ക് പുറത്താകാതെ 94 പന്തിൽ നിന്നും 110 റൺസ് നേടിയപ്പോൾ വിൽ ജാക്സ് 82 പന്ത് കളിച്ച് 84 അടിച്ചു. മഴ വന്ന് മത്സരം നിർത്തുമ്പോൾ 37.4 ഓവറിൽ 254 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഡി.എൽ.എസ് നിയമപ്രകാരം ആ സമയം ഇംഗ്ലണ്ടിന് 209 റൺസ് മതിയായിരുന്നു. എന്നാൽ ഇംഗ്ലണ്ട് 46 റൺസ് അധികമായതിനാൽ മത്സരം ഇംഗ്ലണ്ട് 46 റൺസിന് വിജയിക്കുകയായിരുന്നു. മത്സരം നിർത്തുമ്പോൾ ഹാരി ബ്രൂക്കിനൊപ്പം 33 റൺസുമായി ലയാം ലിവിങ്സ്റ്റണായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഓപ്പണർമാരായ ഫിൽ സാൾട്ട് (0), ബെൻ ഡക്കറ്റ് (8), എന്നിവർ നേരത്തെ പുറത്തായി. വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തും (ഏഴ് റൺസ്) നിരാശപ്പെടുത്തി. ഓസീസിനായി കാമറൂൺ ഗ്രീനും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് അയക്കപ്പെട്ട ആസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 304 റൺസ് നേടിയത്. 65 പന്തിൽ ഏഴ് ഫോറും ഒരു സിക്സറുമടക്കം പുറത്താകാതെ 77 റൺസ് നേടിയ അലക്സ് കാരിയാണ് ഓസീസിന്‍റെ ടോപ് സ്കോറർ. സൂപ്പർതാരം സ്റ്റീവൻ സ്മിത്ത് 82 പന്തിൽ 60 റൺസ് നേടിയിരുന്നു. അഞ്ച് ഫോറുൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. ഫിനിഷിങ് ലൈനിൽ ആരോൺ ഹാർഡി (26 പന്തിൽ 44) ഗ്ലെൻ മാക്സ്വെൽ (25 പന്തിൽ 30) എന്നിവർ കാരിക്ക് മികച്ച പിന്തുണ നൽകി. മധ്യനിരയിൽ 49 പന്തിൽ 4 റൺസുമായി കാമറൂൺ ഗ്രീനും തിളങ്ങി. ക്യപ്റ്റൻ മിച്ചൽ മാർഷ് (24) മാറ്റ് ഷോർട്ട് (14) മാർനസ് ലബുഷെയ്ൻ (0) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ഇംഗ്ലണ്ടിനായി 10 ഓവറിൽ 67 റൺസ് വഴങ്ങി ജോഫ്രാ ആർച്ചർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ബ്രൈഡൺ കാർസ്, ജേക്കബ് ബെതൽ, വിൽ ജാക്സ്, ലയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. സെപ്റ്റംബർ 27നാണ് ഇരുവരും തമ്മിലുള്ള നാലാം ഏകദിന മത്സരം. ലോർഡ്സാണ് പ്രധാനപ്പെട്ട മത്സരത്തിന് വേദിയാകുക.

Tags:    
News Summary - england won third odi vs austrailia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.