അഡ്ലെയ്ഡ്: ആസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ആഷ്ലി മല്ലെറ്റ് അന്തരിച്ചു. 76 വയസ്സായിരുന്നു. വെള്ളിയാഴ്ച അഡ്ലെയ്ഡിൽ വെച്ചായിരുന്നു അന്ത്യം.
1969-70 സീസണിലെ ഇന്ത്യൻ പര്യടനത്തിൽ 28 വിക്കറ്റുകളാണ് സൗത്ത് ആസ്ട്രേലിയക്കാരൻ എറിഞ്ഞു വീഴ്ത്തിയത്. ഓഫ് സ്പിന്നറുടെ കരുത്തിൽ ബിൽ ലോറി നയിച്ച കംഗാരുപ്പട 3-1ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി.
1968 മുതൽ 1980 വരെ നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിൽ 38 ടെസ്റ്റുകളിൽ നിന്നായി 132 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. കളിക്കുന്ന കാലത്ത് തന്നെ മാധ്യമപ്രവർത്തകനായി പേരെടുത്ത അദ്ദേഹം റൗഡി, സ്പിൻ ഔട്ട് എന്നീ പുസ്തകങ്ങളും രചിച്ചു. സഹതാരങ്ങളായിരുന്ന ഇയാൻ ചാപ്പൽ, ഡഗ് വാൾേട്ടഴ്സ്, ജെഫ് തോംസൺ എന്നിവരുടെ ജീവചരിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചതും ആഷ്ലിയായിരുന്നു.
വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്ന അദ്ദേഹം മികച്ച സ്പിൻ കോച്ചുമായും പേരെടുത്തു. ശ്രീലങ്കൻ സ്പിന്നർ അജന്ത മെൻഡിസിന്‍റെ കരിയറിൽ ആഷ്ലി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
2001ൽ ഇന്ത്യ-ആസ്ട്രേലിയ പരമ്പരക്ക് മുന്നോടിയായി ഹർഭജൻ ഓസീസിന് വൻഭീഷണിയാകുമെന്ന് ആഷ്ലി പ്രവചിച്ചിരുന്നു. അന്ന് മൂന്ന് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകളാണ് ഹർഭജൻ അന്ന് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.