ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് ബുംറ; നില മെച്ചപ്പെടുത്തി ജയ്സ്വാൾ

ഐ.സി.സി റാങ്കിങ്ങിൽ ബോളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യൻ താരം ജസ്പ്രീത് ബുംറക്ക് പുതിയ നേട്ടം. ബുധനാഴ്ച പുറത്തുവിട്ട പട്ടിക പ്രകാരം, കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്‍റായ 907ലാണ് താരം. ഇതോടെ ഇത്രയും ഉയർന്ന റേറ്റിങ് പോയിന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് താരം സ്വന്തം പേരിലാക്കി. നേരത്തെ 904 റേറ്റിങ് പോയിന്‍റിലെത്തിയ രവിചന്ദ്രൻ അശ്വിന്‍റെ നേട്ടമാണ് ബുംറ മറികടന്നത്.

പോയവർഷം 71 ടെസ്റ്റ് വിക്കറ്റാണ് ബുംറ പോക്കറ്റിലാക്കിയത്. ആസ്ട്രേലിയക്കെതിരെ മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റ് നേടിയതോടെയാണ് ബുംറയുടെ റേറ്റിങ് പോയിന്‍റ് കുതിച്ചത്. ഐ.സി.സിയുടെ മികച്ച ക്രിക്കറ്റർക്കും, മികച്ച ടെസ്റ്റ് താരത്തിനുമുള്ള പുസ്കാരത്തിനായി ചുരുക്കപ്പട്ടിയിൽ ബുംറയുണ്ട്. ജോഷ് ഹെയ്സൽവുഡ് (843), പാറ്റ് കമിൻസ് (837), കാഗിസോ റബാദ (832), മാർകോ യാൻസൻ (803) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബോളർമാർ.

ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ യുവ ഓപണർ യശസ്വി ജയ്സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് ജയ്സ്വാളിന്‍റെ മുന്നേറ്റം. 854 ആണ് താരത്തിന്‍റെ റേറ്റിങ് പോയിന്‍റ്. ജോ റൂട്ട് (895), ഹാരി ബ്രൂക് (876), കെയ്ൻ വില്യംസൻ (867) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജദേജ ഒന്നാം സ്ഥാനം നിലനിർത്തി.

Tags:    
News Summary - Jasprit Bumrah Scripts ICC Rankings History With Never-Seen-Before Feat For India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.