രോഹിത്തോ ബുംറയോ അല്ല! കോഹ്ലി കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള താരം ഈ ഓൾ റൗണ്ടറെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിലും സൂപ്പർ ബാറ്റർ വിരാട് കോഹ്ലി കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നത്.

ആദ്യ ടെസ്റ്റിൽ ടീമിലുണ്ടായിരുന്ന ബാറ്റർ കെ.എൽ. രാഹുലും ഓൾ റൗണ്ടർ രവീന്ദ്ര ജദേജയും പരിക്കേറ്റ് ടീമിന് പുറത്താണ്. കോഹ്ലിയുടെ അഭാവത്തിൽ ടീമിലെ ഏറ്റവും മൂല്യമൂള്ള താരങ്ങളായി പരിഗണിക്കുന്നത് നായകൻ രോഹിത് ശർമ, പേസർ ജസ്പ്രീത് ബുംറ എന്നിവരെയാണ്. എന്നാൽ, ഇന്ത്യൻ ടീമിൽ കോഹ്ലി കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ താരം രവീന്ദ്ര ജദേജയാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ ആതർട്ടൺ പറയുന്നു. താരത്തിന്‍റെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തളര്‍ത്തുമെന്നും പരമ്പരയിൽ ഇംഗ്ലണ്ടിന് ലീഡ് ഉയർത്താനുള്ള സുവർണാവസരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഹൈദരാബാദിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ വിജയം അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്. പിന്നാലെ സുപ്രധാന താരങ്ങളായ കെ.എല്‍. രാഹുലിനെയും രവീന്ദ്ര ജദേജയെയും നഷ്ടമായി. വിരാട് കോഹ്ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമാണ് ജദേജ. ഓൾ റൗണ്ടർ എന്ന നിലയിൽ മികച്ച റെക്കോഡുള്ള താരമാണ്, ബാറ്റിങ്ങിലെ വ്യത്യസ്തതയും ബൗളിങ് ശരാശരിയും അദ്ദേഹത്തെ ഉയർന്ന റാങ്കിലെത്തിച്ചു. ടീമിനെ സന്തുലിതമാക്കുന്നതും അതാണ്’ -ആതർട്ടൺ പറഞ്ഞു.

അതുപോലൊരു കളിക്കാരനില്ലാത്തതിന്‍റെ നഷ്ടം നികത്താന്‍ മറ്റാരെ കളിപ്പിച്ചാലും ഇന്ത്യക്കാവില്ല. കാരണം ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ജദേജ പുറത്തെടുക്കുന്ന പ്രകടനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജദേജക്ക് പകരം കുല്‍ദീപ് യാദവും രാഹുലിന് പകരം രജത് പാട്ടീദാറിനെയും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനെയുമാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ നിലവിൽ ഡ്രൈവിങ് സീറ്റിലാണ്.

Tags:    
News Summary - Ex-ENG Captain Names Second Most Valuable India Player After Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.