ലഖ്‌നൗ: ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ശ്രീലങ്ക. നെതര്‍ലന്‍ഡ്‌സിനെ അഞ്ചു വിക്കറ്റിനാണ് ലങ്ക തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 49.4 ഓവറിൽ 262 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
107 പന്തിൽ 91 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സദീര വിക്രമയുടെ പ്രകടനമാണ് ലങ്കൻ വിജയത്തിൽ നിർണായകമായത്. ഓപ്പണര്‍ പത്തും നിസ്സങ്കയും (52 പന്തിൽ 54) അർധ സെഞ്ച്വറി നേടി. കുസാൽ പെരേര (എട്ടു പന്തിൽ അഞ്ച്), കുസാൽ മെൻഡിസ് (17 പന്തിൽ 11), ചരിത് അസലങ്ക (66 പന്തിൽ 44), ധനഞ്ജയ ഡിസിൽവ (37 പന്തിൽ 30) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റണ്ണുമായി ദുസൻ ഹേമന്ത പുറത്താകാതെ നിന്നു.
ഡച്ചുകാർക്കായി ആര്യൻ ദത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ബാസ് ദെ ലീഡെ, കോളിൻ അക്കർമാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഒരു ഘട്ടത്തില്‍ 21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച സൈബ്രാന്‍ഡ് ഏംഗല്‍ബ്രെക്റ്റ്-ലോഗന്‍ വാന്‍ ബീക് സഖ്യമാണ് തുണയായത്. 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 200 കടത്തിയാണ് ഇരുവരും പിരിഞ്ഞത്.
82 പന്തില്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 70 റണ്‍സെടുത്ത സൈബ്രാന്‍ഡാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 75 പന്തുകള്‍ നേരിട്ട വാന്‍ ബീക് 59 റണ്‍സെടുത്തു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ദില്‍ഷന്‍ മധുഷങ്കയും കസുന്‍ രജിതയും ലങ്കക്കായി ബൗളിങ്ങില്‍ തിളങ്ങി. ദക്ഷിണാഫ്രിക്ക, പാകിസ്താൻ, ആസ്ട്രേലിയ ടീമുകൾക്കെതിരെ ലങ്ക പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.