ഹരാരെ: സിംബാബ്‌വെ മുൻ ക്രിക്കറ്റർ ഗയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. പിതാവിനൊപ്പം സഫാരി ബിസിനസ് നടത്തുന്ന 51കാരനെ ഹ്യുമാനി പ്രദേശത്തിലൂടെ ട്രക്കിങ് നടത്തുന്നതിനിടെയാണ് പുലി ആക്രമിച്ചത്. പുലിയെ പ്രതിരോധിക്കാൻ ശ്രമിച്ച വളര്‍ത്തുനായ ചിക്കാരക്കും ഗുരുതര പരിക്കേറ്റു. എയര്‍ ആംബുലന്‍സില്‍ ഹരാരെയിലെ മിൽട്ടൺ പാർക് ആശുപത്രിയിലേക്ക് മാറ്റിയ വിറ്റാലിനെ, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോർട്ട്. തലയിലും മറ്റും ബാന്‍ഡേജ് കെട്ടിയ നിലയിൽ ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആൾറൗണ്ടറായ വിറ്റാൽ ഒരു പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറിൽ 46 ടെസ്റ്റിലും 147 ഏകദിനങ്ങളിലും സിംബാബ്വെക്കായി ഇറങ്ങിയിട്ടുണ്ട്. ടെസ്റ്റിൽ 2207 റൺസും 51 വിക്കറ്റും നേടിയ വിറ്റാൽ ഏകദിനത്തിൽ 2705 റൺസും 88 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
2013ൽ വിറ്റാൽ കിടന്ന കട്ടിലിനടിയിൽ എട്ടടി നീളവും 150 കിലോ ഭാരവുമുള്ള ഭീമന്‍ മുതലയെ കണ്ടെത്തിയിരുന്നു. വീട്ടുവേലക്കാരി പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് മുതലയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.