ഹരാരെ: സിംബാബ്വെയുടെ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ബ്രണ്ടൻ ടെയ്ലർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അയർലൻഡിനെതിരായ ഏകദിന പരമ്പരക്കിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
'ഹൃദയവേദനയോടെ ഞാൻ പ്രഖ്യാപിക്കുന്നു, ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്‍റെ രാജ്യത്തിനായി കളിക്കുന്ന അവസാന മത്സരമാകും നാളെ'-ടെയ്ലർ ഞായറാഴ്ച സാമൂഹിക മാധ്യമത്തിൽ എഴുതി.
17 വർഷം നീണ്ടുനിന്ന കരിയറിൽ 34 ടെസ്റ്റ്, 204 ഏകദിനം, 45 ട്വന്‍റി20 മത്സരങ്ങളിൽ സിംബാബ്വെ ജഴ്സിയണിഞ്ഞു. തിങ്കളാഴ്ച 205ാം ഏകദിനം കളിച്ച ശേഷം ടെയ്ലർ ക്രിക്കറ്റിൽ നിന്ന് വിടപറയും. ഏകദിനത്തിൽ താരം 6677 റൺസ് ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ 2320ഉം ട്വന്‍റി20യിൽ 934 റൺസുമാണ് സമ്പാദ്യം.
ഏകദിനത്തിലെ സിംബാബ്വെയുടെ ഏറ്റവും മികച്ച റൺവേട്ടക്കാരിൽ രണ്ടാമനാണ് താരം. 213 മത്സരങ്ങളിൽ നിന്ന് 6786 റൺസ് സ്കോർ ചെയ്ത ആൻഡി ഫ്ലവറാണ് മുന്നിൽ. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടാനായാൽ ഒന്നാമനായി ടെയ്ലർക്ക് പാഡ് അഴിക്കാം. 11 ഏകദിന സെഞ്ച്വറികൾ നേടിയിട്ടുണ്ട്.
2011 മുതൽ 2014 വരെ സിംബാബ്വെ ടീമിന്‍റെ നായകനായിരുന്നു. 2015 ലോകകപ്പിൽ രാജ്യത്തിന്‍റെ ടോപ്സ്കോററായി. ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് കൗണ്ടി ക്രിക്കറ്റിൽ നോട്ടിങ്ഹാംഷെയറിനായി കളിച്ചു. ഈ വർഷം തുടക്കത്തിൽ സിംബാബ്വെ നായകനായി തിരിച്ചെത്തിയെങ്കിലും ട്വന്‍റി20 ലോകകപ്പിന് തൊട്ടുമുമ്പായി വിരമിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.