ഐ.പി.എൽ പൂർത്തിയാകും മുമ്പ് മടങ്ങുന്ന ഇംഗ്ലീഷ് താരങ്ങൾക്ക് പിഴ ചുമത്തണമെന്ന് ഗവാസ്കർ

ഐ.പി.എൽ പൂർത്തിയാകും മുമ്പ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന താരങ്ങൾക്കും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പിഴ ചുമത്തണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. ‘മിഡ് ഡേ’ പത്രത്തിലെ ലേഖനത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. താരങ്ങൾ പോകുന്നത് കാരണം ഫ്രാ​ഞ്ചൈസികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ താരങ്ങളുടെ പ്രതിഫലത്തിന്റെ ഒരുഭാഗം പിടിച്ചുവെക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

‘മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ആവശ്യം പരിഗണിക്കുന്ന കളിക്കാർക്കൊപ്പമാണ് ഞാൻ. എന്നാൽ, മുഴുവൻ സീസണിലും തങ്ങളുടെ ലഭ്യത ഉറപ്പ് നൽകിയ ഇവർ മടങ്ങുന്നത് ഫ്രാഞ്ചൈസികൾക്ക് തിരിച്ചടിയാകും. കളിക്കാർക്കുള്ള പ്രതിഫലത്തിൽനിന്ന് ഗണ്യമായ തുക കുറക്കാൻ ഫ്രാഞ്ചൈസികളെ അനുവദിക്കുകയും ഓരോ കളിക്കാരനും ലഭിക്കുന്ന പ്രതിഫലത്തിന്റെ 10 ശതമാനം കമീഷൻ ബോർഡിന് നൽകാതിരിക്കുകയും വേണം. ബോർഡുകൾക്കുള്ള ഈ കമീഷൻ ഐ.പി.എല്ലിൽ മാത്രമാണ് നൽകുന്നത്, മറ്റെവിടെയുമില്ല. ബി.സി.സി.ഐയുടെ ഈ ഔദാര്യത്തിന് ഒരു നന്ദിയുമില്ല’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മേയ് 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ട്വന്റി 20 പരമ്പരക്കായാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് താരങ്ങളെ തിരിച്ചുവിളിച്ചത്. രാജസ്ഥാൻ റോയൽസിന്റെ ഓപണിങ് ബാറ്റർ ജോസ് ബട്‍ലർ, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരങ്ങളായ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൺ, ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മുഈൻ അലി, പഞ്ചാബ് കിങ്സ് നായകൻ സാം കറൺ, വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഫിൽ സാൾട്ട് എന്നിവരാണ് ദേശീയ ടീമിന്റെ ഭാഗമാകാൻ ഇന്ത്യ വിടുന്നത്.

ഞായറാഴ്ച രാത്രി ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരശേഷം വിൽ ജാക്സും റീസ് ടോപ്ലിയും നാട്ടിലേക്ക് മടങ്ങി. ബുധനാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് മുമ്പ് തന്നെ ജോസ് ബട്‍ലർ ക്യാമ്പ് വിടുമെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും മടങ്ങി. മുഈൻ അലി, ജോണി ബെയർസ്റ്റോ, സാം കറൻ, ഫിൽ സാൾട്ട് എന്നിവരും ഈയാഴ്ച ഇന്ത്യ വിടും.

Tags:    
News Summary - Gavaskar wants English players who return before the end of IPL to be fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.