ക്രൈസ്റ്റ്ചർച്ച്: പറന്നുപിടിക്കുകയെന്നത് ക്രിക്കറ്റിൽ അതിശയോക്തി കലർത്തി പറയുന്ന കാര്യമാണ്. എന്നാൽ, ഹാഗ്‍ലി ഓവലിൽ ഇന്ന് െഗ്ലൻ ഫിലിപ്സ് എന്ന ന്യൂസിലാൻഡ് ക്രിക്കറ്റർ കാഴ്ചവെച്ചത് മനുഷ്യസാധ്യമായ ‘പറക്കലി’ന്റെ അങ്ങേയറ്റമാണ്. ശരിക്കും അവിശ്വസനീയത തുളുമ്പുന്ന അതിശയ ദൃശ്യങ്ങളിലൊന്ന്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് െഗ്ലൻ ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് തന്റെ പേരിൽ കുറിച്ചത്.
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും (76 നോട്ടൗട്ട്) ഒലീ പോലും (77 നോട്ടൗട്ട്) 151 റൺസ് കൂട്ടുകെട്ടുമായി ആധിപത്യം തേടി കുതിക്കുന്ന സമയത്താണ് െഗ്ലൻ തകർപ്പൻ ക്യാച്ചിലൂടെ പോപ്പിനെ പുറത്താക്കിയത്. ടിം സൗത്തീ 125.9 കി.മീ വേഗത്തിൽ എറിഞ്ഞ പന്ത് ഓഫ്സ്റ്റംപിന് പുറത്തുകൂടെ നീങ്ങുന്ന വേളയിലാണ് പോപ് കട്ഷോട്ടിന് ശ്രമിച്ചത്. കൃത്യമായി കണക്ടു ചെയ്ത പോപ് പന്ത് അതിർവര കടക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
എന്നാൽ, അതിവേഗത്തിൽ കുതിക്കുന്ന പന്തിനെ അതിലും വേഗത്തിൽ പറന്ന് ഫിലിപ്സ് കൈകളിലൊതുക്കിയപ്പോൾ കിവി താരങ്ങളും ഗാലറിയും ആവേശം കൊണ്ടു. ഗള്ളിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന തന്നിൽനിന്ന് ഏറെ അകന്ന് നീങ്ങുകയായിരുന്ന പന്തിനെ മുഴുനീളത്തിൽ വലത്തോട്ട് ഡൈവ് ചെയ്ത്, നീട്ടിപ്പിടിച്ച വലതുകൈയാൽ പിടിച്ചെടുക്കുകയായിരുന്നു െഗ്ലൻ. ക്യാച്ചിന്റെ അവിശ്വസനീയതയിൽ ആഘോഷവും കനത്തു.
ഒന്നാമിന്നിങ്സിൽ 348 റൺസിന് പുറത്തായ ന്യൂസിലാൻഡിനെതിരെ രണ്ടാം ദിവസം ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ്. സെഞ്ച്വറി തികച്ച ബ്രൂക്ക് 132 റൺസുമായി ക്രീസിലുണ്ട്. 37 റൺസെടുത്ത് ബെൻ സ്റ്റോക്സും ഒപ്പമുണ്ട്. ബെൻ ഡക്കറ്റ് 46 റൺസെടുത്തു. സാക് ക്രോളിയും ജോ റൂട്ടും പൂജ്യത്തിന് പുറത്തായി. കെയ്ൻ വില്യംസൺ (93), െഗ്ലൻ ഫിലിപ്സ് (58 നോട്ടൗട്ട്) എന്നവരാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രൈഡൺ കാഴ്സും ശുഐബ് ബഷീറും നാലുവിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.