മുംബൈ: നായകന്റെ ഇന്നിങ്സുമായി ഹർദിക് പാണ്ഡ്യ കളംനിറഞ്ഞപ്പോൾ ഐ.പി.എല്ലിൽ ഗുറാത്ത് ടൈറ്റൻസ് തലപ്പത്ത്. ഒന്നാമതുണ്ടായിരുന്ന രാജസ്ഥാൻ റോയൽസിനെ 37 റൺസിനാണ് ഗുജറാത്ത് തോൽപിച്ചത്. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നാലിന് 192 റൺസ് അടിച്ചുകൂട്ടിയ ശേഷം രാജസ്ഥാനെ ഒമ്പതിന് 155ലൊതുക്കുകയായിരുന്നു.
52 പന്തിൽ 87 റൺസുമായി പുറത്താവാതെ നിന്ന ഹർദിക് ആണ് ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. അഭിനവ് മനോഹർ (28 പന്തിൽ 43) പിന്തുണ നൽകി. ഇരുവരും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 86 റൺസാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
14 പന്തിൽ 31 റൺസുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലറും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്ലറും (24 പന്തിൽ 54) ഷിംറോൺ ഹെറ്റ്മെയറും (17 പന്തിൽ 29) തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. നായകൻ സഞ്ജു സാംസൺ 11നും മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കൽ പൂജ്യത്തിനും പുറത്തായി.
നേരത്തേ ഗുജറാത്ത് ഓപണർമാരായ ശുഭ്മൻ ഗില്ലും (14 പന്തിൽ 13) മാത്യു വെയ്ഡും (ആറു പന്തിൽ 12) തരക്കേടില്ലാതെ തുടങ്ങിയെങ്കിലും സ്കോർ ഉയർത്താനായില്ല. ആദ്യ മത്സരങ്ങളിലെ പരാജയശേഷം അവസരം ലഭിക്കാതിരുന്ന വിജയ് ശങ്കർ (2) തിരിച്ചെത്തിയെങ്കിലും കാര്യമുണ്ടായില്ല.
ഏഴാം ഓവറിൽ മൂന്നിന് 53 എന്ന സ്കോറിലേക്ക് വീണെങ്കിലും രക്ഷിക്കാൻ നായകൻ ഹർദിക് ഉണ്ടായിരുന്നു. മികച്ച ഫോമിൽ കളിച്ച ഹർദികിന് മനോഹർ ഒത്ത കൂട്ടാളിയായതോടെ ഗുജറാത്ത് സ്കോറുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.