രഞ്ജി കളിക്കാത്ത ഹാർദിക് ബി.സി.സി.ഐ കരാറിൽ! താരം നൽകിയ ഈ ഉറപ്പാണ് രക്ഷിച്ചത്...

മുംബൈ: ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബി.സി.സി.ഐയുടെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐ.പി.എല്ലിനായി തയാറെടുക്കുന്ന ഹാർദിക് പാണ്ഡ്യയെ കരാറിൽ ഉൾപ്പെടുത്തിയത് പലരും ചോദ്യം ചെയ്തിരുന്നു. നടപടി എല്ലാവരുടെ കാര്യത്തിലും ബാധകമല്ലെങ്കിൽ‌ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ലെന്ന് മുൻ ഓൾ റൗണ്ടർ ഇര്‍ഫാന്‍ പത്താനും ചൂണ്ടിക്കാട്ടി.

ഹാർദിക്കിനെ പോലുള്ള താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ താൽപര്യമില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ നിശ്ചിത ഓവർ മത്സരങ്ങളിൽ കളിക്കാമല്ലോയെന്നും പത്താൻ ചോദിച്ചിരുന്നു. രഞ്ജി ട്രോഫി കളിക്കാതിരുന്നിട്ടും ബി.സി.സി.ഐയുടെ പുതിയ വാർഷിക കരാറിൽ ഗ്രേഡ് എ വിഭാഗത്തിലാണ് ഹാർദിക്. ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ കാലിനു പരിക്കേറ്റ താരം പിന്നീട് ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുത്ത ഹാർദിക്, ഇന്ത്യൻ പ്രീമിയർ ലീഗിനു വേണ്ടി ബറോഡയില്‍ പരിശീലനം നടത്തുകയാണ് സഹോദരൻ ക്രുനാൽ പാണ്ഡ്യ, ഇഷാൻ എന്നിവരും ഒപ്പം പരിശീലിക്കുന്നുണ്ട്.

എന്നാൽ, ഹാർദിക് ബി.സി.സി.ഐക്ക് നൽകിയ ഒരു ഉറപ്പാണ് താരത്തെ കരാറിൽ നിലനിർത്താൻ കാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാത്ത അവസരങ്ങളിൽ, സെയ്ദ് മുഷ്താഖ് അലി ട്വന്‍റി20യിലും വിജയ് ഹസാരെ ട്രോഫിയിലും കളിക്കാനിറങ്ങുമെന്നാണ് താരം ബി.സി.സി.ഐക്കും സെലക്ടർമാർക്കും നൽകിയ ഉറപ്പ്. ‘ഹാർദിക്കുമായി വിഷയം ചർച്ച ചെയ്തിരുന്നു, ലഭ്യമാകുന്ന സമയങ്ങളിൽ ആഭ്യന്തര വൈറ്റ് ബാൾ ടൂർണമെന്‍റുകൾ കളിക്കാമെന്ന് താരം ഉറപ്പ് നൽകിയിട്ടുണ്ട്. ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്‍റെ വിലയിരുത്തലിൽ റെഡ് ബാൾ ടൂർണമെന്‍റുകളിൽ പന്തെറിയാൻ നിലവിൽ അദ്ദേഹത്തിന് കഴിയില്ല. അതിനാൽ താരത്തിന് രഞ്ജി ട്രോഫി കളിക്കാനാകില്ല. എന്നാൽ ഇന്ത്യക്ക് വേണ്ടി കളിക്കാത്ത സമയങ്ങളിൽ അദ്ദേഹത്തിന് മറ്റ് വൈറ്റ്-ബാൾ ടൂർണമെന്‍റുകൾ കളിക്കേണ്ടിവരും. ഇല്ലെങ്കിൽ, കരാർ നഷ്ടപ്പെടും’ -മുതിർന്ന ബി.സി.സി.ഐ പ്രതിനിധി വെളിപ്പെടുത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ നായകനാണ് ഹാർദിക്. ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന പാണ്ഡ്യയെ കോടികളെറിഞ്ഞാണ് സീസണിൽ മുംബൈ സ്വന്തമാക്കിയത്. പിന്നാലെ ടീമിന്‍റെ നായക സ്ഥാനവും മുംബൈ പാണ്ഡ്യക്കു നൽകി.

Tags:    
News Summary - Hardik Pandya Would've Been Axed From BCCI Contract, But This Assurance Saved Him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.