ലഹോര്‍: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ (ബി.സി.സി.ഐ) പുതിയ ആരോപണവുമായി മുൻ പാകിസ്താൻ താരം ഹസൻ റാസ. ലോകകപ്പിൽ ഇന്ത്യ ടീമിനെ സഹായിക്കാനായി ബി.സി.സി.ഐ ഡി.ആർ.എസ് സംവിധാനത്തിൽ കൃത്രിമം നടത്തിയതായി റാസ പറഞ്ഞു.
ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ ഇക്കാര്യം തനിക്കു മനസ്സിലായതായും റാസ വ്യക്തമാക്കി. പാകിസ്താൻ ടിവിയിലെ ചർച്ചക്കിടെയായിരുന്നു മുൻതാരത്തിന്‍റെ ഗുരുതര ആരോപണം. നേരത്തെ, ഇന്ത്യ ശ്രീലങ്കക്കെതിരെ നേടിയ അവിശ്വസനീയ വിജയത്തിലും റാസ സംശയം പ്രകടിപ്പിച്ചിരുന്നു. മത്സരത്തിൽ മുൻതൂക്കം ലഭിക്കാനായി ഇന്ത്യൻ ബൗളർമാർക്ക് ബി.സി.സി.ഐയും ഐ.സി.സിയും വ്യത്യസ്തമായ പന്താണ് നൽകുന്നതെന്ന് റാസ ആരോപണം ഉന്നയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയെ 243 റൺസിനാണ് രോഹിത് ശർമയും സംഘവും ചാമ്പലാക്കിയത്. കളിച്ച എട്ടു മത്സരങ്ങളും ആധികാരികമായി ജയിച്ചുകയറിയ ഇന്ത്യ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തിരുന്നു. ‘രവീന്ദ്ര ജദേജ അഞ്ച് വിക്കറ്റെടുത്തു. കരിയറിലെ മികച്ച പ്രകടനമാണിത്. നമ്മൾ ഡി.ആർ.എസ് സാങ്കേതിക വിദ്യയെക്കുറിച്ചാണ് പറയുന്നത്. റാസി വാൻഡർ ഡസനാണ് ബാറ്റർ. ലെഗ് സ്റ്റമ്പിൽ പിച്ച് ചെയ്ത ശേഷം ഇടങ്കൈയൻ സ്പിന്നറുടെ പന്ത് മിഡിൽ സ്റ്റമ്പിൽ പതിക്കുന്നതങ്ങനെ? ഇംപാക്ട് ഇൻ ലൈൻ ആയിരുന്നെങ്കിലും പന്ത് ലെഗ് സ്റ്റമ്പിലേക്കായിരുന്നു പോയത്. ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. ഡി.ആർ.എസിൽ കൃത്രിമം കാണിക്കുന്നുവെന്ന കാര്യം വ്യക്തമാണ്’ –റാസ ആരോപിച്ചു.
വ്യത്യസ്ത പന്തുകൾ ഉപയോഗിക്കുന്നുവെന്ന റാസയുടെ പരാമർശത്തിനെതിരെ മുൻ പാക് നായകനും സഹതാരവുമായിരുന്നു വാസിം അക്രം ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തുവന്നിരുന്നു. പാകിസ്താനെ ലോകത്തിനു മുന്നിൽ അപമാനിക്കരുതെന്നായിരുന്നു അക്രത്തിന്‍റെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.