ജൊഹന്നാസ്ബർഗ്: ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ലോകഒന്നാംനമ്പർ ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കൻ താരവുമായ ഹാഷിം അംല. ദക്ഷിണാഫ്രിക്കയിലെ ചരിത്ര പുരുഷൻ നെൽസൺ മണ്ടേലയെ ഉദാഹരണമാക്കിയാണ് അംല തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീനികളുടെ സ്വാതന്ത്ര്യം പൂർണമാകാതെ നമ്മുടെ സ്വാതന്ത്ര്യവും പൂർണമാകില്ല എന്ന മണ്ടേലയുടെ പ്രസ്താവനക്കൊപ്പമാണ് അംല തന്‍റെ നിലപാട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'' ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻമാരായ സർക്കാർ നെൽസൺ മണ്ടേലയെ "തീവ്രവാദി" എന്ന് മുദ്രകുത്തിയിരുന്നെന്ന് അറിയുന്നത് ചിലർക്ക് ആശ്ചര്യമായി തോന്നാം. പക്ഷേ അന്ന് ആളുകൾ അത് വിശ്വസിച്ചിരുന്നു.
അതിശയകരമെന്നു പറയട്ടെ. ലോകം മുഴുവൻ മണ്ടേലയെ സ്വാതന്ത്ര്യസമരസേനാനിയായി ഇപ്പോൾ അംഗീകരിക്കുന്നു. അദ്ദേഹം വിശ്വസിച്ചിരുന്ന കാര്യത്തിൽ വിജയിച്ചതുകൊണ്ട് മാത്രമാണ് അംഗീകരിക്കപ്പെട്ടത്.
മണ്ടേലയുടെ ഫലസ്തീനെക്കുറിച്ചുള്ള ഉദ്ധരണി നമ്മെ ഞെട്ടിക്കുന്നതോ പ്രവചനാത്മകമോ അല്ല. പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു, ഇപ്പോൾ അത് ലോകത്തിന് എന്നത്തേക്കാളും വ്യക്തമാണ്. എല്ലാ പലസ്തീനികളുടെയും ധീരതക്ക് ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നു'' -ഹാഷിം അംല എഴുതി.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസോ റബാദ, തബ്രീസ് ഷംസി വെസ്റ്റ് ഇൻഡീസ് മുൻ താരം ഡാരൻ സമ്മി, ഇംഗ്ലീഷ് താരം സാം ബില്ലിങ്സ്, പാക് താരങ്ങളായ ഷാഹിദ് അഫ്രീദി, ബാബർ അസം ഇന്ത്യൻ താരം ഇർഫാൻ പത്താൻ തുടങ്ങിയവരും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.