സതാംപ്ടൺ: നേരിട്ടത് 278 പന്ത്. നേടിയത് വെറും 37 റൺസ്... ചേതേശ്വർ പുജാരയാണന്ന് തെറ്റിദ്ധരിക്കേണ്ട . ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല പണിത മതിലിെൻറ ബലമാണിത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസെക്സ് താരമായ അംല ഹാംഷെയറിനെതിരെയാണ് ക്ഷമയുടെ വൻമതിൽ പണിതത്. അതിനു ഫലവുമുണ്ടായി. പുറത്താകാതെ അംല നേടിയ 37 റൺസിെൻറ അടിത്തറയിൽ പരാജയമൊഴിവാക്കി സമനില പിടിക്കുകയും ചെയ്തു.
ആദ്യ അഞ്ച് റൺസ് നേടാൻ അംല കളിച്ചത് 114 പന്തുകളാണ്. 125ാമത്തെ പന്തിലായിരുന്നു ആദ്യ ബൗണ്ടറി പിറന്നത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 40ൽ താഴെ റൺസ് സ്കോർ ചെയ്യാൻ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ബാറ്റ്സ്മാൻ എന്ന റെക്കോഡും അംല സ്വന്തമാക്കി. 2015 ൽ ഡൽഹിയിൽ ഇന്ത്യക്കെതിരായ ടെസ്റ്റിൽ 244 പന്തിൽ 24 റൺസ് നേടിയ ചരിത്രവും അംലക്കുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹാംഷെയർ 488 റൺസെടുത്തപ്പോൾ വെറും 72 റൺസിന് സസെക്സ് ഓൾ ഔട്ടായി. 65 പന്തിൽ 29 റൺസെടുത്ത അംല തന്നെയായിരുന്നു ടോപ് സ്കോറർ. തുടർന്ന് ഫോളോ ഓൺ ചെയ്ത സസെക്സിന് 30 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായപ്പോഴായിരുന്നു അംലയുടെ തടയണകെട്ടൽ. ഒടുവിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ മത്സരം സമനിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.