രഞ്ജിയിൽ മുംബൈക്കായി ഓരോ കളിയിലും റെക്കോഡുകൾ പലത് സ്വന്തം പേരിലാക്കി കുതിക്കുന്ന ബാറ്റർ സർഫറാസ് ഖാൻ ഇതുവരെയും ടീം ഇന്ത്യയിൽ ഇടം പിടിച്ചിട്ടില്ല. താരത്തെ പരിഗണിക്കാതെ മാറ്റിനിർത്തുന്ന ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കെതിരെ കടുത്ത പ്രതിഷേധവുമായി സുനിൽ ഗവാസ്കർ ഉൾപ്പെടെ മുൻനിര താരങ്ങൾ രംഗത്തെത്തിയിരുന്നു. മൈതാനത്തിനു പുറത്തിറങ്ങിയല്ല സെഞ്ച്വറികൾ അടിച്ചുകൂട്ടുന്നതെന്നും കളത്തിൽ അയാൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ ഗവാസ്കർ തടികുറഞ്ഞ സുന്ദരൻ പയ്യൻമാരെ മാത്രമേ പറ്റൂ എങ്കിൽ ഫാഷൻ ഷോക്കു പോയി ആളെ എടുക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രതിഭയുടെ തിളക്കവുമായി ടീം ഇന്ത്യയുടെ ബാറ്റിങ്ങിൽ സ്ഥിര സാന്നിധ്യമായി മാറിയ സൂര്യകുമാർ യാദവിനും ഇതുപോലൊരു കഥയാണ് പറയാനുള്ളതെന്ന് പങ്കുവെക്കുന്നു, സർഫറാസ് ഖാൻ. ‘‘സൂര്യ എന്റെ ഉറ്റ സുഹൃത്താണ്. ഒരേ ടീമിലാകുമ്പോൾ ഒത്തിരി നേരം ഞങ്ങൾ ഒന്നിച്ചിരിക്കും. അവനിൽനിന്ന് ഒരുപാടൊരുപാട് ഞാൻ പഠിച്ചിട്ടുണ്ട്. ശരിയാണ്, അവനും ഒത്തിരി കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാലിപ്പോൾ, തന്റെ പരിചയം ഉപയോഗപ്പെടുത്തുകയാണ് അവനിപ്പോൾ’’- സർഫറാസ് പറയുന്നു.
തന്റെ തയാറെടുപ്പും നിലപാടും ഇതോടൊപ്പം മുംബൈക്കാരൻ പങ്കുവെക്കുന്നുണ്ട്: ‘‘കഠിനാധ്വാനത്തിലാണ് എന്റെ ശ്രദ്ധ. പരമാവധി കഠിനമായി ജോലി ചെയ്യണം. ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത് ഇനിയും തുടരണം. മൈതാനത്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഒരുപാട് പരിശീലിക്കും. അതാണ് ഈ ഫോമിനു കാരണം’’- സർഫറാസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.