സഞ്ജു സാംസൺ

സഞ്ജുവിന് പ്രായമായി; 2026ലെ ലോകകപ്പ് കളിക്കാൻ അസാമാന്യ പ്രകടനം കാഴ്ചവെക്കണം -അമിത് മിശ്ര

മുംബൈ: 2026ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യയുടെ മുൻ സ്പിന്നർ അമിത് മിശ്ര. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന സീനിയർ താരങ്ങളുടെയും ടീം മാനേജ്മെന്റിന്റെയും നിലപാട് സഞ്ജുവിന് വിലങ്ങുതടി ആയേക്കുമെന്ന് യൂട്യൂബ് ഷോയിൽ അമിത് മിശ്ര പറഞ്ഞു. ഇത്തവണത്തെ ലോകകപ്പ് സംഘത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും ഒറ്റ മത്സരത്തിൽ പോലും കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

“അടുത്ത ലോകകപ്പിൽ സഞ്ജു കളിക്കുമെന്ന് തോന്നുന്നില്ല. ട്വന്റി20യിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്ന സങ്കൽപം കൊണ്ടുവന്നത് സൂപ്പർ താരം വിരാട് കോലിയാണ്. എന്നാൽ അദ്ദേഹത്തിന് ഇത്തവണ 35 ആയി. അദ്ദേഹം ക്യാപ്റ്റനായിരിക്കുമ്പോഴും ഇപ്പോൾ ലോകകപ്പ് ഫൈനലിനു ശേഷം വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴും ട്വന്റി20യിൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്നാണ് പറഞ്ഞത്.

വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇപ്പോൾ വലിയ മത്സരമാണ് നടക്കുന്നത്. സഞ്ജുവിനെ കൂടാതെ ഋഷഭ് പന്തും ഇഷൻ കിഷനും അതിനായി മത്സരിക്കുന്നു. യുവതാരങ്ങളായ ധ്രുവ് ജുറേൽ, ജിതേഷ് ശർമ എന്നിവരും വിക്കറ്റ് കീപ്പർമാരാണ്. അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ സഞ്ജു അസാമാന്യ പ്രകടനം പുറത്തെടുക്കണം. ഇനി ശേഷിക്കുന്നത് രണ്ട് വർഷമാണ്. നിലവിൽ 29 വയസ്സുള്ള സഞ്ജുവിന് അപ്പോഴേക്ക് 31 വയസ്സാകും. പ്രായം വലിയ ഘടകമാണ്. രണ്ട് വർഷം സ്ഥിരമായി ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ പരിഗണിച്ചേക്കാം” - അമിത് മിശ്ര പറഞ്ഞു.

അതേസമയം യുവതാരങ്ങൾക്ക് ഇണങ്ങുന്ന ഫോർമാറ്റാണ് ട്വന്റി20യെന്ന നിരീക്ഷണത്തെ അമിത് മിശ്ര വിമർശിച്ചു. 2007ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ യുവതാരങ്ങളായിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് വിജയത്തിൽ പരിചയ സമ്പന്നരായ താരങ്ങളുടെ പ്രകടന മികവ് ഇന്ത്യൻ വിജയത്തിൽ നിർണായകമായെന്നും മിശ്ര ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - He is old now" - Amit Mishra believes Sanju Samson cannot play 2026 T20 World Cup because of Virat Kohli's concept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.